Sunday, 26 June 2011

[www.keralites.net] Borderline Personality Disorder

 

ദാമ്പത്യത്തില്‍ സംഘര്‍ഷങ്ങള്‍ എന്തുകൊണ്ട്‌
ഡോ. ആല്‍ബി ഏലിയാസ്‌
Fun & Info @ Keralites.netപെട്ടെന്നുള്ള ദേഷ്യവും ജീവിതപങ്കാളിയോടും സുഹൃത്തുക്കളോടും ഇടക്കിടെ വഴക്കിടുന്നതും ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വത്തിന്റെ ഭാഗമാണ്. ചികിത്സയിലൂടെ ഈ അവസ്ഥയില്‍നിന്ന് മോചനം നേടാം.
പെട്ടെന്ന് ദേഷ്യപ്പെടുന്ന മനുഷ്യരുണ്ട്. ചിലപ്പോള്‍ ദേഷ്യം പിടിച്ചാല്‍ കിട്ടില്ലെന്നു മാത്രമല്ല വസ്തുക്കള്‍ക്കും, മനുഷ്യര്‍ക്കു തന്നെയും ക്ഷതം വരുത്തിവെക്കുന്ന രീതിയിലായിരിക്കും അതു പ്രകടിപ്പിക്കുക. ദേഷ്യം സാര്‍വത്രികമായ മനുഷ്യവികാരമാണ്. മിക്ക അവസരങ്ങളിലും അത് മാനസിക രോഗത്തിന്റെയോ മറ്റു വൈകല്യങ്ങളുടെയോ ഭാഗമായിട്ടല്ല ഉണ്ടാകുന്നത്. എന്നാല്‍ ചിലരില്‍ അത് 'ബോര്‍ഡര്‍ലൈന്‍' വ്യക്തിത്വ വൈകല്യത്തിന്റെ ഭാഗമായി കാണപ്പെടുന്നു. നിയന്ത്രിക്കാനാകാത്തതും പെട്ടെന്നുണ്ടാകുന്നതുമായ ദേഷ്യം മാത്രമല്ല ഈ വ്യക്തിത്വ വൈകല്യത്തിന്റെ ലക്ഷണങ്ങള്‍.

1930 കളിലും 40 കളിലും സ്‌കിസോഫ്രിനിയ പോലുള്ള കഠിനമായ ചിത്തഭ്രമം (Psychosis) ഇല്ലാത്ത രോഗികള്‍ക്ക് ലഘുവായ ചിത്തഭ്രമത്തിനു (Neurosis) നല്‍കിയിരുന്ന മാനസികാപഗ്രഥന ചികിത്സ (Psychoanalysis) ഫലിക്കുന്നില്ലെന്ന് ചിലര്‍ മനസ്സിലാക്കി. കാഠിന്യമേറിയ സ്‌കിസോഫ്രിനിയക്കും വിഭ്രാന്തിപോലുള്ള ലഘു ചിത്തഭ്രമത്തിനും ഇടയിലുള്ള (Borderline) വേറൊരു തരത്തില്‍ പറഞ്ഞാല്‍ രണ്ടിന്റെയും ചില ലക്ഷണങ്ങള്‍ മാത്രമുള്ള ഒരു വ്യക്തിത്വ വൈകല്യമായി 'ബോര്‍ഡര്‍ലൈന്‍' വ്യക്തിത്വ വൈകല്യത്തെ മനഃശാസ്ത്രജ്ഞന്മാര്‍ അടയാളപ്പെടുത്താന്‍ തുടങ്ങി. ഓട്ടോ കെണ്‍ബര്‍ഗ് എന്ന മനഃശാസ്ത്രജ്ഞന്‍ ഇതിനെക്കുറിച്ച് വിപുലമായ സങ്കല്പങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.

ലക്ഷണങ്ങള്‍
1. മുകളില്‍ സൂചിപ്പിച്ചതുപോലെ നിയന്ത്രിക്കാനാകാത്തതും പെട്ടെന്നുണ്ടാകുന്നതുമായ ദേഷ്യം. ഇങ്ങനെ ദേഷ്യമുണ്ടാകുമ്പോള്‍ കയ്യില്‍ കിട്ടുന്നതെല്ലാം വലിച്ചെറിയുക, കൂടെയുള്ളവര്‍ക്കു നേരെ ആക്രോശിക്കുക തുടങ്ങിയവയും ദേഷ്യത്തിന്റെ ഭാഗമായി സാധാരണ ഉണ്ടാകാറുണ്ട്.

2. അസ്ഥിരമായ വൈകാരികഭാവം 'ബോര്‍ഡര്‍ലൈന്‍' വ്യക്തിത്വമുള്ളവരുടെ വികാരങ്ങള്‍ പെട്ടെന്നു മാറിക്കൊണ്ടിരിക്കും. അത് സങ്കടത്തില്‍ നിന്നു ദേഷ്യത്തിലേക്കും പിന്നീട് സന്തോഷത്തിലേയ്ക്കും പൊടുന്നനെ ദേഷ്യത്തിലേക്കും വഴുതി മാറും. മണിക്കൂറുകള്‍ക്കകം ഇത് സംഭവിക്കുന്നു.

3. അസ്ഥിരമായ ദാമ്പത്യബന്ധവും സുഹൃദ്ബന്ധങ്ങളും. കൂടെയുള്ളവരുമായി സ്ഥിരതയുള്ള ഒരു ബന്ധം സ്ഥാപിക്കാന്‍ ഈ വ്യക്തിത്വമുള്ളവര്‍ക്കു പലപ്പോഴും സാധിക്കാറില്ല. ജീവിതപങ്കാളിക്ക് 'ബോര്‍ഡര്‍ലൈന്‍' വ്യക്തിത്വ വൈകല്യം ഉണ്ടായിരുന്നതുമൂലം സംഭവിച്ചിട്ടുള്ള വിവാഹ മോചനങ്ങള്‍ നിരവധിയാണ് കേരളത്തില്‍.
 
. ഉപേക്ഷിക്കപ്പെടുമോ എന്നുള്ള ഭയം: പെട്ടെന്നു ദേഷ്യപ്പെടുമെങ്കിലും കൂടെയുള്ളവര്‍ തന്നെ ഉപേക്ഷിച്ചു പോകുമോ, തിരസ്‌കരിക്കുമോ എന്നുള്ള വിഭ്രാന്തി ഈ വ്യക്തിത്വമുള്ളവര്‍ക്ക് കൂടെകൂടെ ഉണ്ടാകാറുണ്ട്. കൂടെയുള്ളവരെ ചേര്‍ത്തു നിര്‍ത്താനും അവര്‍ വിട്ടുപോകാതിരിക്കാനും വേണ്ടി ഇവര്‍ സ്വയം മുറിവേല്‍പ്പിക്കുക സാധാരണമാണ്. കൂടെയുള്ളവര്‍ വിട്ടുപോകുന്നതിലുള്ള അസ്വസ്ഥത സ്വയം ഹനിക്കുന്നതിലൂടെ പ്രകടിപ്പിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നതെന്ന് വ്യാഖ്യാനിക്കുന്ന മനഃശാസ്ത്രജ്ഞരുമുണ്ട്.

5. അസ്ഥിരമായ സ്വത്വബോധം (Unstable identity): ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വമുള്ള ഒരാള്‍ക്ക് തന്നെക്കുറിച്ച് (Self) തന്നെയുള്ള അവബോധം സ്ഥിരമായ ഒന്നായിരിക്കുകയില്ല. ഞാന്‍ എങ്ങനെയുള്ള ഒരാളാണ് എന്നതിനെക്കുറിച്ച് അയാള്‍ക്ക് കാര്യമായ ഗ്രാഹ്യം ഉണ്ടാവില്ല. ഒരു സവിശേഷ സന്ദര്‍ഭത്തില്‍ താന്‍ എങ്ങനെ പെരുമാറുമെന്നോ എന്തായിരിക്കും തന്റെ തീരുമാനമെന്നോ അയാള്‍ക്ക് മുന്‍കൂട്ടി പറയാന്‍ പ്രയാസമായിരിക്കും. തന്റെ ഇഷ്ടങ്ങള്‍ എന്താണെന്നോ, തന്റെ ബന്ധങ്ങള്‍ ആരുമായിട്ടാണെന്നോ ഒന്നും പറയാന്‍ സാധിക്കാത്ത, സ്വന്തം വ്യക്തിത്വത്തെക്കുറിച്ച് തന്നെ ഒരു എത്തും പിടിയുമില്ലാത്ത ഒരവസ്ഥ. ഏറെ അസ്വസ്ഥാജനകമായ ഈ അവസ്ഥയില്‍ നിന്നാകാം പെട്ടെന്നുള്ള ദേഷ്യവും ബന്ധങ്ങളിലുണ്ടാകുന്ന പ്രക്ഷുബ്ധതയും ഉടലെടുക്കുന്നത്.

6. സ്ഥായിയായ ശൂന്യതാ ബോധം (Chronic emptiness): ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വമുള്ളവര്‍ക്ക് ഉള്ളില്‍ ഒരു തരം ശൂന്യത അനുഭവപ്പെടാറുണ്ട്. ഉറച്ച ഒരു വ്യക്തിത്വത്തെക്കുറിച്ചുള്ള ബോധമില്ലാത്തതായിരിക്കാം ഒരുപക്ഷേ ഇതിന്റെ കാരണം. കൂടെയുള്ളവരുമായി ഒരു തര്‍ക്കമുണ്ടായാല്‍ 'എന്നെ ആര്‍ക്കും ഇഷ്ടമില്ല' എന്നുപറഞ്ഞു ഇവര്‍ വഴക്കിട്ടിരിക്കുന്നതും സാധാരണമാണ്. 'എന്നെ ഒന്നിനും കൊള്ളുകയില്ല' എന്ന 'നെഗറ്റീവ്' ചിന്താരീതിയും ഇവര്‍ പ്രകടിപ്പിക്കാറുണ്ട്.

7. ആവര്‍ത്തിച്ചു വരുന്ന ആത്മഹത്യാ പ്രവണത: സ്വയം മുറിവേല്‍പ്പിക്കുക എന്നതിനോടൊപ്പം മറ്റുള്ളവരേക്കാള്‍ സ്വയം അപകടപ്പെടുത്താനുള്ള സാധ്യത ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വമുള്ളവരില്‍ കൂടുതലാണ്. ഈ വ്യക്തിത്വ വൈകല്യമുള്ളവരില്‍ 10 ശതമാനം പേരുടെ ജീവിതം ആത്മഹത്യയില്‍ കലാശിക്കുന്നു.

മുകളില്‍ സൂചിപ്പിച്ച എല്ലാ ലക്ഷണങ്ങളും ഒരാളില്‍തന്നെ കാണണമെന്നില്ല. പക്ഷേ ഒന്നില്‍ കൂടുതല്‍ ലക്ഷണങ്ങള്‍ ഒരാളില്‍ത്തന്നെ കണ്ടാല്‍ അയാള്‍ക്ക് ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ വൈകല്യമുണ്ടോയെന്ന് സംശയിക്കണം.

ചികിത്സ
ദാമ്പത്യ ബന്ധത്തിലുണ്ടാകുന്ന സംഘര്‍ഷങ്ങള്‍, വേര്‍പാട്, സുഹൃദ് ബന്ധങ്ങളിലുണ്ടാകുന്ന വിള്ളലുകള്‍, ആത്മഹത്യാ സാധ്യത മുതലായവയാണ് ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ വൈകല്യം കൊണ്ടുണ്ടാകുന്ന മുഖ്യപ്രശ്‌നങ്ങള്‍
സൈക്കോതെറാപ്പി കൗണ്‍സിലിംഗില്‍ നിന്നും വ്യത്യസ്തമാണ്. സൈക്കോതെറാപ്പിയിലൂടെ ചിലര്‍ക്കെങ്കിലും ആശ്വാസം ലഭിക്കാറുണ്ട്. എന്നാല്‍ ആശ്വാസം നീണ്ടുനില്‍ക്കണമെങ്കില്‍ സൈക്കോതെറാപ്പി തുടര്‍ന്നു നടത്തേണ്ടതുണ്ട്. ഏകദേശം ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പരസ്​പരം സംഭാഷണവും, പഠനവുമാണ് സൈക്കോതെറാപ്പിയിലുള്ളത്.

എന്നാല്‍ വ്യക്തിത്വ വൈകല്യം കഠിനവും ലക്ഷണങ്ങള്‍ കൂടുതല്‍ ഗൗരവമര്‍ഹിക്കുന്നവയും ആണെങ്കില്‍ ഔഷധങ്ങള്‍ നല്‍കുകയാണ് ഉത്തമം. 'ബോര്‍ഡര്‍ലൈന്‍' വ്യക്തിത്വ വൈകല്യത്തെ നൂറു ശതമാനവും ചികിത്സിച്ചു ഭേദമാക്കുന്ന ഔഷധങ്ങള്‍ ഇന്നു നിലവിലില്ല എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. മാത്രമല്ല ഒരാളുടെ വ്യക്തിത്വമെന്നത് അതുകൊണ്ടുതന്നെ അതിനെ ഇല്ലാതാക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ല. 'ബോര്‍ഡര്‍ലൈന്‍' വ്യക്തിത്വം ഒട്ടനവധി പ്രശ്‌നങ്ങളില്‍ കലാശിക്കുമ്പോള്‍ മാത്രമാണ് ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വ രോഗം (Borderline Personality Disorder) ആയി മാറുന്നത്.

അതുകൊണ്ട് ഈ വൈകല്യത്തിന്റെ പ്രശ്‌നവശങ്ങളെ അതായത് ലക്ഷണങ്ങളെ മാത്രമാണ് ചികിത്സയ്ക്ക് വിധേയമാക്കുന്നത്. അങ്ങനെ നോക്കിയാല്‍ പെട്ടെന്നുള്ള ദേഷ്യവും, ആത്മഹത്യാ പ്രവണതയും ലഘൂകരിക്കാന്‍ ചികിത്സ കൊണ്ട് സാധിക്കാറുണ്ട്. ഇനി ചികിത്സയൊന്നും ഇല്ലെങ്കിലും നല്ലൊരു ശതമാനം പേരിലും ഉദ്ദേശം 50 വയസ്സു കഴിഞ്ഞാല്‍ ഈ വ്യക്തിത്വ വൈകല്യം മയപ്പെട്ടു വരാറുണ്ട്.

ചുരുക്കത്തില്‍ ചിലരിലുണ്ടാകുന്ന പെട്ടെന്നുള്ള ദേഷ്യവും ജീവിത പങ്കാളിയോടും സുഹൃത്തുക്കളോടും തുടരെ തുടരെ കാണിക്കുന്ന വഴക്കും അതവരുടെ സ്വഭാവമാണെന്ന് എഴുതി തള്ളുന്നതിനു പകരം അവ ബോര്‍ഡര്‍ലൈന്‍ വ്യക്തിത്വത്തിന്റെ ഭാഗമാണ് എന്നു ചിന്തിക്കുന്നത് ഉചിതമായിരിക്കും. ബന്ധങ്ങളിലുണ്ടാകുന്ന ആഴമേറിയ മുറിവുകള്‍ ഇതിലൂടെ ഒഴിവാക്കാനുമാകും
 
 
http://www.mathrubhumi.com/health/mental-health/boarderline-personality-disorder-74694.html

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment