Wednesday 29 June 2011

Re: [www.keralites.net] രണ്ടെല്ല് കൂടുതലുളളവര്‍

 

സ്നേഹം നിറഞ്ഞ പ്രിന്‍സി ചേച്ചി,
ചേച്ചി പറഞ്ഞ കാര്യങ്ങള്‍ ഒക്കെ ശരിയാണ്. നമ്മള്‍ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. നമ്മള്‍ കേരളം എത്ര തന്നെ സാക്ഷരത കൈവരിച്ചാലും, അവിടുത്തെ ജനങ്ങള്‍ ഈ ഇരുപോതോന്നം നൂറ്റാണ്ടിലും കാളവണ്ടി യുഗത്തില്‍ തന്നെയാണ് ജീവിക്കുന്നത്. ശരിയാണ് എല്ലാവര്ക്കും തന്നെ എഴുതാനും വായിക്ക്കാനും അറിയാമായിരിക്കാം. പക്ഷെ അതുകൊണ്ട് മാത്രം ഒരാള്‍ സമൂഹത്തില്‍ പൂര്നനാകുന്നില്ല. സ്ത്രീയെ സ്ത്രീയായും പുരുഷനെ പുരുഷനായും കാണാന്‍ നമ്മള്‍ മലയാളികള്‍ക്ക് വളരെ ബുദ്ധിമുട്ടാണ്. ഒരു സ്ത്രീയെയും പുരുഷനെയും പറ്റി പറയുമ്പോള്‍ അതില്‍ കുറച്ചെങ്കിലും സെക്സ് ഉള്‍ക്കൊള്ളിക്കാതെ സംസാരിച്ചാല്‍ അതിന്റെ രസം പോകും എന്നുള്ള ചിന്തയാണ് മലയാളികള്‍ക്ക്. ഇത് നമ്മുടെ സമൂഹത്തിനെ ബാദിച്ച ഒരുതരം കാന്‍സര്‍ ആണ്. അത് മാറ്റണമെങ്കില്‍ നാം ഓരോരുത്തരും ചിന്തിക്കണം.
ഞാന്‍ കേരളത്തിന്‌ പുറത്തു ഒരുപാടു സിറ്റികളില്‍ ജോലി ചെയ്തിട്ടുള്ള ഒരാളാണ്. ഇപ്പോളും ചെയ്യുന്നുമുണ്ട്. പക്ഷെ ഇങ്ങനെ ഒരു conjested mind ഉള്ള ജനങ്ങളെ ഞാന്‍ കേരളത്തില്‍ മാത്രമേ കണ്ടിട്ടുള്ളൂ. ഒരു പെണ്‍കുട്ടിയോട് ബസില്‍ നിന്നൊന്നു ചിരിച്ചാല്‍ അല്ലെങ്കില്‍ റോഡില്‍ വെച്ചൊന്നു മിണ്ടിയാല്‍ അതിനൊക്കെ ദ്വയാര്‍ത്ഥം കാണുന്നത് നമ്മള്‍ മലയാളികള്‍ മാത്രമേ ഉണ്ടാവുകയുള്ളൂ. നമ്മുടെ കേരളം മറ്റുള്ള നാടുകളെപ്പോലെ ഒരുപാടു മാറേണ്ടിയിരിക്കുന്നു. പൊട്ടക്കിണറ്റില്‍ അകപ്പെട്ട തവളകള്‍ക്ക് തുല്യമാണ് ഇങ്ങനെയുള്ള മലയാളികള്‍.
നമ്മുടെ നാടും നന്നാവും എന്ന് പ്രതീക്ഷിക്കാം.


 
2011/6/28 prince <princy_to@yahoo.co.uk>
 

 രണ്ടെല്ല് കൂടുതലുളളവര്‍

Fun & Info @ Keralites.net
ഒരു ബാങ്കില്‍ ജോലി ചെയ്യുന്ന ഞങ്ങള്‍ക്ക്് വൈകിയിറങ്ങേണ്ടിവരിക എന്നത് സ്വാഭാവികമാണ്. ക്യാഷ് കൗണ്ടറിലും മറ്റും ജോലി ചെയ്യുമ്പോള്‍ പ്രത്യേകിച്ചും. അക്കൗണ്ടന്റോ മാനേജരോ ആണെങ്കില്‍ ഏതാണ്ടെല്ലാ ദിവസവും വൈകിത്തന്നെ ഇറങ്ങേണ്ടിവരും. ഈ ഉത്തരവാദിത്വങ്ങള്‍ വഹിക്കുന്നവര്‍ സ്ത്രീകളാവുമ്പോള്‍ വൈകുന്ന ദിവസങ്ങളില്‍ വീട്ടുകാരാരും വന്നു നില്ക്കണമെന്നില്ല. ഒറ്റയ്ക്ക് പോകാന്‍ പ്രയാസമാണെങ്കില്‍ പലപ്പോഴും സഹപ്രവര്‍ത്തകന്റെ സഹായം തേടേണ്ടിവരും.

ഇത്തരം പ്രയാസങ്ങള്‍ പലവട്ടം എനിക്കുമുണ്ടായിട്ടുണ്ട്. നേരം വൈകിയിറങ്ങേണ്ടിവരുന്ന പെണ്‍സുഹൃത്തിനെ സഹായിക്കാന്‍, ചിലപ്പോള്‍ ബസ്സുകിട്ടുന്നിടം വരെ കൊണ്ടുവിടാന്‍, നടുറോട്ടില്‍ ഓട്ടോറിക്ഷയ്ക്കുവേണ്ടി കാത്തുനില്ക്കുമ്പോള്‍ ഒപ്പം നില്ക്കാന്‍, വീടെത്തും വരെ ഇടയ്ക്കിടയ്ക്ക് ഫോണില്‍ വിളിച്ചുകൊണ്ടിരിക്കാന്‍ അവനുണ്ടാവും. അന്നേരമൊക്കെ ആ ആണ്‍സുഹൃത്തിനെ ഏതുതരം വികാരത്തോടെയാണ് കണ്ടിരുന്നത്? ഒരുതരം സാഹോദര്യത്തോടെ, നമ്മളെ ശ്രദ്ധിക്കാന്‍, പ്രയാസങ്ങളെ തിരിച്ചറിയാന്‍ ആരെങ്കിലുമുണ്ടല്ലോ എന്ന സന്തോഷത്തോടെ... അല്ലെങ്കില്‍ തന്നെ ഒരു വ്യക്തിയുടെ സ്വന്തക്കാരും ബന്ധുക്കളുമാകുന്നത് അച്ഛനും ഭര്‍ത്താവും ആങ്ങളയും മകനും മാത്രമാണോ? പുരുഷനെങ്കില്‍ ആ ബന്ധങ്ങള്‍ തിരിച്ചും?

വീട് എന്ന സ്ഥാപനത്തില്‍ രക്തബന്ധത്തിലൂടെ അടുപ്പമുള്ളവരാകുമ്പോള്‍ എന്തുകൊണ്ട് നമ്മള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെയോ പൊതു ഇടത്തിലെയോ അടുപ്പമുള്ളവര്‍ ബന്ധുവാകുന്നില്ല? ഒരു ദിവസത്തിലെ ഉറങ്ങുന്ന സമയം കുറച്ചുനോക്കിയാല്‍ വീട്ടുകാരോടൊത്ത് കഴിയുന്നതില്‍ കൂടുതല്‍ സമയം ജോലിസ്ഥലത്തായിരിക്കും ചിലവഴിക്കുന്നത്. കൂടുതല്‍ കാണുന്നതും ഇടപെടുന്നതും സഹപ്രവര്‍ത്തകരോടൊപ്പമായിരിക്കും. കുടുംബാംഗങ്ങള്‍ തമ്മിലുള്ള അടുപ്പം ഇവിടെയുമുണ്ട്. ഒരുപക്ഷേ, അതിലുമേറെ..

രാത്രി ഒന്‍പതോ പത്തോ മണിയാവുമ്പോള്‍ സഹപ്രവര്‍ത്തകനോ സുഹൃത്തിനോ ഒപ്പം നില്‌ക്കേണ്ടി വന്ന സന്ദര്‍ഭങ്ങള്‍ എത്രയോയുണ്ട്. അന്നൊക്കെ സദാചാരപ്പോലീസിന്റെ കണ്ണില്‍ പെടാതിരുന്നത് മഹാഭാഗ്യമെന്നു വിചാരിച്ചു സമാധാനിക്കുന്നു ഇപ്പോള്‍ ഒറ്റയ്ക്കു നടക്കേണ്ടി വരുന്നതിനേക്കാള്‍ പ്രയാസമാവുന്നു ആണ്‍സുഹൃത്തിനൊപ്പം നില്‌ക്കേണ്ടി വരുന്നത്. പിടിക്കപ്പെട്ടാല്‍ അശ്ലീലം കേള്‍ക്കുക മാത്രമല്ല അപഥസഞ്ചാരിണി, അവിഹിതബന്ധങ്ങള്‍ എന്നിങ്ങനെ പലവിധ കുറ്റാരോപണങ്ങള്‍... തിരിച്ചു പ്രതികരിച്ചാല്‍ രണ്ടെല്ല് കൂടുതലാണെന്ന് പറച്ചില്‍..ആരുടെയെങ്കിലും ചോദ്യം ചെയ്യലിനു വിധേയയായിരുന്നെങ്കില്‍ എന്റെയും അവന്റയും കുടുംബം തകര്‍ന്നേനേ..ആരു വിശ്വസിക്കും? വഴിയേ പോയവര്‍ സദാചാരപ്പോലീസു ചമഞ്ഞ് നടത്തിയ നാടകമായിരിക്കും വീട്ടുകാരുപോലും വിശ്വസിക്കുക. അത്രയ്ക്കുണ്ട് നമ്മുടെ കുടുംബബന്ധങ്ങളുടെ കെട്ടുറപ്പ്. സംശയാസ്പദമായ രീതിയില്‍ കണ്ടു എന്ന് ഏതെങ്കിലും ഒരുത്തന്‍ പറഞ്ഞാല്‍ മതി പിന്നെ അതുമാത്രം മതി കുടുംബത്തില്‍ വിള്ളല്‍ വീഴ്്്്്ത്താന്‍..

പട്ടാപ്പകല്‍ പോലും ഒരു സ്ത്രീയേയും പുരുഷനേയും ഒരുമിച്ചുകണ്ടാല്‍ കുഴപ്പമായി. അത് ഏതു തിരക്കിലും ഒഴിഞ്ഞകോണിലുമായ്‌ക്കോട്ടെ...

കുറച്ചുനാള്‍ മുമ്പ് സുഹൃത്തിന്റെ കാറില്‍ വന്നിറങ്ങി ഒരു ഓട്ടോറിക്ഷയില്‍ കയറിയതേ ഓട്ടോ െ്രെഡവര്‍ പുച്ഛഭാവത്തോടെ നോട്ടം. സമയം അഞ്ചുമണിപോലും ആയിട്ടില്ല. അയാള്‍ക്ക് എന്റെ പേരും മേല്‍വിലാസവും വേണം. ചോദ്യങ്ങളോ അധികാര സ്വരത്തില്‍.
പേരും വിലാസവും പറഞ്ഞാലേ എത്തേണ്ടിടത്ത് എത്തിക്കുകയുള്ളോ എന്ന ചോദ്യത്തിന് അയാള്‍ തെറിയഭിഷേകം തുടങ്ങി. നിവര്‍ത്തികെട്ട് പാതിവഴിയിലിറങ്ങി... തനിച്ചായിരുന്നതുകൊണ്ട് വണ്ടിയെങ്ങാനും നിര്‍ത്തിയില്ലെങ്കിലോ എന്നു ഭയന്ന്.. രണ്ടെണ്ണം കൊടുക്കാന്‍ സാധിച്ചില്ലല്ലോ എന്നത് ഇന്നും സങ്കടമാണ്.

ചെറിയൊരു ദൂരത്തേക്കുപോലും സുഹൃത്തിന്റെ വണ്ടിയില്‍ കയറി യാത്ര ചെയ്യാന്‍ പറ്റില്ല. ഏതു നിമിഷവും പിടിക്കപ്പെടാം. ഉടനെ വീട്ടുകാരെ വിളിക്കുകയാണ്. ഇവനാരാണ് ഇവളാരാണ്.. സംശയാസ്പദമായ രീതിയില്‍ കണ്ടല്ലോ.. അവര്‍ ചുംബിക്കുകയായിരുന്നു. ഭാര്യയെ അഴിഞ്ഞാടാന്‍ വിട്ടിരിക്കുകയാണോ? ഇത്തരം അനുഭവങ്ങള്‍ ഒന്നും രണ്ടുപേര്‍ക്കുമല്ല ഉണ്ടായിരിക്കുന്നത്. ഒരു സുഹൃത്ത് മേലുദ്യോഗസ്ഥനോടൊപ്പം പോകുമ്പോള്‍ പോലീസ് തടയുന്നു. വണ്ടിയില്‍ സ്ത്രീയെ കണ്ടതേ ചോദ്യം ചെയ്യല്‍.. എല്ലാം കഴിഞ്ഞപ്പോള്‍ ശൃംഗാരച്ചിരിയോടെ 'എന്നും സാറ് വീ്ട്ടില്‍ കൊണ്ടുവിടാറുണ്ടോ? 'എന്ന ചോദ്യവും.

ഈ പിടിക്കപ്പെടുന്നവര്‍ മുഴുവന്‍ അവിഹിതബന്ധത്തിലേര്‍പ്പെട്ടവരെന്നോ സംശയാസ്പദ സാഹചര്യത്തില്‍ കണ്ടവരാണെന്നോ വിശ്വസിക്കാന്‍ പ്രയാസമുണ്ട്. ആരോഗ്യകരമായ സ്ത്രീപുരുഷബന്ധങ്ങള്‍ നമ്മുടെ നാട്ടിലില്ലെന്നു വിശ്വസിക്കാനും പ്രയാസമുണ്ട്്്.

നമ്മുടെ സമൂഹത്തില്‍ നിന്ന് സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധങ്ങള്‍ ലൈംഗീക കേന്ദ്രീകൃതം മാത്രമാണെന്നുള്ള ധാരണ എന്നുമാറും?

കൗമാരത്തില്‍ എനിക്കൊരു ആണ്‍സുഹൃത്തുണ്ടായിരുന്നു. ഒരു ഹൃദയവും രണ്ടുശരീരവും ആയിരുന്നുവെന്ന് വിശേഷിപ്പിക്കാം. പക്ഷേ, ഞങ്ങള്‍ കാമുകീകാമുകന്മാരായിരുന്നില്ല. ഞങ്ങള്‍ ഒരുമിച്ചു പഠിച്ചുപിരിഞ്ഞശേഷം പലപ്പോഴും കണ്ടുമുട്ടുന്നത് വഴിയില്‍ വെച്ചാണ്. മിക്കപ്പോഴും കുറേനേരം സംസാരിച്ചു നില്ക്കും. ഞങ്ങള്‍ക്ക് ഒരുപാടുകാര്യങ്ങള്‍ പറയാനുണ്ടായിരുന്നു. എനിക്കും അവനും വെവ്വേറെ പ്രണയങ്ങളുണ്ടായിരുന്നു. ചിലപ്പോള്‍ അതിനേക്കുറിച്ചാവാം. അല്ലെങ്കില്‍ വേറെന്തെങ്കിലുമാവാം. പക്ഷേ, ഞങ്ങളുടെ ആശയവിനിമയത്തിനുള്ള ഇടം ആ വഴിയോരം മാത്രമാണ്. ഞങ്ങള്‍ തമ്മില്‍ പ്രണയമാണെന്ന് പറഞ്ഞത് എത്ര പേരാണെന്നോ..
എന്തിനാണ് ഒളിച്ചുകളിയെന്ന്് ഒരിക്കല്‍ അവന്റെ സഹോദരി ചോദിച്ചു. പ്രണയമാണെങ്കില്‍ ധൈര്യമായിട്ടു പറയൂ.. വീട്ടുകാരോട് അവള്‍ പറഞ്ഞ് സമ്മതിപ്പിച്ചുകൊള്ളാമെന്ന്.

ആണും പെണ്ണും സംസാരിക്കുന്നതു കാണുമ്പോള്‍ തന്നെ പൊതുസമൂഹം ഏതാണ്ടൊരു ധാരണയിലെത്തുകയാണ്. ഒരൊറ്റ വിഷയം മാത്രമേ അവര്‍ക്കിടയിലുള്ളു എന്ന്. സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട് സ്ത്രീയും പുരുഷനും തമ്മിലുള്ള അടിമയുടമ ബന്ധത്തിന്. മതങ്ങള്‍ പലപ്പോഴും അതിനെ ഊട്ടിയുറപ്പിക്കുകയാണ് ചെയ്തത്. ആധുനീകയുഗത്തിലും. തുറന്നതും സ്വതന്ത്രവുമായ ആശയവിനിമയത്തിലൂടെ മാത്രമേ സ്ത്രീപുരുഷ ബന്ധങ്ങളില്‍ കാതലായ മാറ്റം വരൂ എന്നു പറയുമ്പോഴേയ്ക്കും സ്വതന്ത്രലൈംഗികതയാണ് ആ ബന്ധം എന്നങ്ങ് ഉറപ്പിക്കുകയാണ് പലരും. പുരോഗമന പ്രസ്ഥാനങ്ങള്‍ മുതല്‍ രാഷ്ട്രീയപാര്‍ട്ടികളില്‍ വരെ സ്ത്രീയുടെ സാന്നിധ്യമുണ്ടായിട്ടും ചിന്താഗതിയില്‍ മാറ്റം വരുന്നില്ല. ഇപ്പോഴും പഴയമൂല്യങ്ങളെയും തത്വശാസ്ത്രത്തെയും കൈവിടാന്‍ വയ്യ. യഥാര്‍ത്ഥത്തില്‍ സമൂഹത്തിലിടപെടുന്നവരെങ്കിലും സ്ത്രീയും പുരുഷനും ജൈവികമായി മാത്രം ചിലവ്യത്യാസങ്ങളേയുള്ളുവെന്ന് ബോധവത്ക്കരിക്കേണ്ടതായിരുന്നു. ഇനിയും സമയം വൈകിയിട്ടുമില്ല. അങ്ങനെയാവുമ്പോള്‍ ആസക്തികള്‍ കുറഞ്ഞേക്കാം. ഒളിഞ്ഞുനോട്ടത്തിന്റെ രസാനുഭൂതി ഇല്ലാതായേക്കാം. അന്യവസ്തുവിനോടെന്നപോലത്തെ ആകര്‍ഷണം കുറഞ്ഞേക്കാം. അപ്പോള്‍ കേവലശരീരത്തോടുള്ള ആകര്‍ഷണം കുറയുമെന്നതില്‍ സംശയമൊന്നുമില്ല.

കേരളം എല്ലാകാര്യത്തിലും മുന്‍പന്തിയിലാണ്. സാക്ഷരതയില്‍, ആരോഗ്യത്തില്‍, വിദ്യാഭ്യാസത്തില്‍ ..ഏതു സാമൂഹ്യ മാറ്റത്തേയും സ്വാഗതം ചെയ്യുന്നവര്‍.....പക്ഷേ, മാനസീകമാറ്റം മാത്രമില്ല. മാറേണ്ടത് അതാണ്.

കുറച്ചുസ്ത്രീകള്‍ മാത്രം സാമൂഹ്യമാറ്റത്തിനനുസരിച്ച് മാനസീകമാറ്റത്തിന് തയ്യാറായതുകൊണ്ടോ സമരം ചെയതതുകൊണ്ടോ കാര്യമില്ല. അതേ മാനസീകാവസ്ഥയുള്ള പുരുഷനും ഇവിടെയുണ്ട്്. എല്ലാവരും ചേര്‍ന്നാല്‍ ആരോഗ്യകരമായ, സ്വതന്ത്രമായ ആശ വിനിമയത്തിലൂടെ സ്ത്രീപുരുഷബന്ധങ്ങള്‍ സ്വാര്‍ത്ഥകമാക്കാം. ചെറിയ കുട്ടികളില്‍ നിന്നു തുടങ്ങണം മാറ്റത്തിന്റെ തുടക്കം. സ്ത്രീയും പുരുഷനും വെവ്വേറെയാണ് എന്ന് ചിന്തയെതന്നെ മാററിക്കളയണം. സ്ത്രീപുരുഷബന്ധങ്ങളില്‍ ലൈംഗികത എന്നത് വളരെ ചെറിയ ഒരു വിഷയം മാത്രമാണ്. അതിനെ ഇത്ര നിഗൂഢവും രഹസ്യവുമാക്കിവെയ്ക്കുന്നതാണ് കുഴപ്പം. ഒരായിരം വിഷയങ്ങളിലെ ഒരു കുഞ്ഞുവിഷയത്തെ ഏറ്റവും വലിയ ദാഹവും അതിക്രമവുമാക്കി വെയ്ക്കുന്നതെന്തിനാണ്? അതുകൊണ്ടാണ് ഏതുസ്ത്രീയേയും പുരുഷനേയും ഒരുമിച്ചു കണ്ടാല്‍ ആ ഒറ്റവിഷയത്തിലേക്ക് ഒതുക്കുന്നത്. എല്ലാവരും ഇങ്ങനെയാണെന്നല്ല. കുറച്ചു പേരെങ്കിലും മാറ്റത്തിനൊപ്പം നില്ക്കുന്നുണ്ട്. പക്ഷേ, മഹാഭൂരിപക്ഷത്തിനു മുന്നില്‍ ശബ്ദം കേള്‍ക്കുന്നില്ലെന്നു മാത്രം.

ലോകജനസംഖ്യയില്‍ പകുതിയോളവും, കേരളത്തില്‍ അതിലുമേറെയും വരുന്ന ഒരു വിഭാഗത്തിന് രാത്രിയും (പകല്‍ പോലും) ഈ ലോകവും ഇല്ല എന്നത് എത്ര ഭയാനകമാണ്. മുമ്പ് സ്ത്രീ ഒട്ടും പുറത്തിറങ്ങിയിരുന്നില്ല. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. പല ആവശ്യങ്ങള്‍ക്കായി രാത്രിയെന്നോ പകലെന്നോ കൂടാതെ പുറത്തിറങ്ങേണ്ടി വരുന്നു. പെണ്‍കുട്ടികളെ വിദ്യാഭ്യാസം ചെയ്യിപ്പിക്കണം. അവള്‍ക്ക് ജോലിവേണം. തുടങ്ങിയ സാമൂഹ്യസാഹചര്യങ്ങള്‍ അംഗീകരിക്കുകയും നടപ്പില്‍ വരുത്തുകയും ചെയ്യുമ്പോള്‍ മാനസീകമായി മാറാന്‍ ആരും തയ്യാറല്ല. സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട് വീണ്ടും അവളെ 'വീടാണ് നിന്റെ ലോകം നീ അവിടിരുന്നാല്‍ മതി'യെന്ന് പ്രഖ്യാപിക്കുകയാണ് നമ്മുടെ കുടുംബങ്ങളും സമൂഹവും. കാരണം പുരുഷന്റെ ലോകത്തെ സ്ത്രീ കൈയ്യടക്കുന്നത് സഹിക്കാനാവുന്നില്ലല്ലോ..എന്നാല്‍ നമ്മുടെ ഭരണഘടനയ്ക്കും നിയമത്തിനും മുന്നില്‍ പുരുഷനേക്കാള്‍ സ്വാതന്ത്യം സ്ത്രീക്കു കിട്ടുന്നുണ്ട്. ഏതു സ്ത്രീക്കും പുരുഷനും ഒരുമിച്ചു സഞ്ചരിക്കാനോ ജീവിക്കാനോ ഉള്ള സ്വാതന്ത്ര്യവുമുണ്ട്. പക്ഷേ, ആണ്‍കോയ്മ അതൊക്കെ കാറ്റില്‍ പറത്തുന്നു എന്നു മാത്രം. സദാചാരത്തിന്റെ പേരും പറഞ്ഞുകൊണ്ട് സ്ത്രീയെ അടിച്ചമര്‍ത്തുക എന്ന്... എല്ലാം കേട്ട് സഹിച്ച് ഭൂമിലോകത്തിന്റെ ഒരു മൂലയ്ക്ക് അടങ്ങിയൊതുങ്ങി കഴിയേണ്ടതാണെന്ന് ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നു. ഞങ്ങളുടേതാണ് ലോകമെന്ന് പ്രഖ്യാപിക്കുന്നു. നിയമവും ഭരണഘടനയും പരിരക്ഷ നല്കുമ്പോഴും നീതി ആണ്‍പക്ഷത്തേക്കു പോകുന്നു. പലപ്പോഴും എന്തുസംഭവിക്കുമ്പോഴും സ്ത്രീ പ്രതികരിക്കാറില്ല. അത് സദാചാരപ്പോലീസിന് കൂടുതല്‍ വളമാകുന്നു. പക്ഷേ, തസ്‌നി ബാനു അതിന് ഒരപവാദമാകുന്നു. അവള്‍ക്ക് നീതികിട്ടില്ലായിരിക്കാം. അപഥസഞ്ചാരിണിയെന്നോ, രണ്ടെല്ലു കൂടുതലെന്നോ കേട്ടേക്കാം.

എന്നാല്‍, ഒന്നുണ്ട് ഇതൊക്കെ കേള്‍ക്കാന്‍ തയ്യാറുള്ള പലരുമുണ്ട്. പിന്മാറാന്‍ മനസ്സില്ലാത്തവര്‍. ഈ ലോകം ഞങ്ങള്‍ക്കുകൂടി അവകാശപ്പെട്ടതാണ്. പുരുഷന്റെ വാരിയെല്ലില്‍ നിന്നും മാത്രം സൃഷ്ടിക്കപ്പെട്ടവരല്ലാത്ത സ്ത്രീകള്‍കൂടി ഇവിടെയുണ്ട്. അവര്‍ക്ക് രണ്ടെല്ലുകൂടുതലുണ്ട്. കെട്ടിയിട്ടിരിക്കുന്ന പട്ടി കുറച്ചു നേരം കുരച്ചാല്‍ നിങ്ങള്‍ക്കൊന്നുമില്ല എന്നു പറയാമായിരിക്കാം. പക്ഷേ, കുറച്ചു നേരത്ത് ആ ശബ്ദം നിങ്ങളെ അലോസരപ്പെടുത്തും. തീര്‍ച്ച.
 

www.keralites.net   




--
Anoop
Mumbai (8080386511)
Skype: anoopka2


__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment