പറവൂര്‍ പീഡനം: സി.പി.എം. ലോക്കല്‍ സെക്രട്ടറിക്കു പിന്നാലെ ട്രേഡ് യൂണിയന്‍ നേതാവും പ്രതിപ്പട്ടികയില്‍
കൊച്ചി: പറവൂര്‍ പീഡനക്കേസില്‍ സി.പി.എം. ലോക്കല്‍ സെക്രട്ടറിക്കു പിന്നാലെ കൊച്ചി റിഫൈനറിയിലെ ട്രേഡ് യൂണിയന്‍ നേതാവായ മറ്റൊരു ലോക്കല്‍ കമ്മിറ്റിയംഗവും പ്രതിപ്പട്ടികയില്‍. സി.പി.എം. പുത്തന്‍കുരിശ് ലോക്കല്‍ കമ്മിറ്റിയംഗവും കൊച്ചി റിഫൈനറി ജീവനക്കാരനുമായ കെ.എം. എല്‍ദോയാണ് പ്രതിപ്പട്ടികയിലുള്ളത്. ഇയാള്‍ ക്രൈംബ്രാഞ്ചിന്റെ കസ്‌റ്റഡിയിലാണെന്നാണു സൂചന. സി.പി.എം. മഴുവന്നൂര്‍ ലോക്കല്‍ സെക്രട്ടറി തോമസ് വര്‍ഗീസിനൊപ്പം തിരുവനന്തപുരത്തെ ലോഡ്‌ജില്‍ വച്ചാണ് എല്‍ദോ കുട്ടിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ തിരുവനന്തപുരത്തേക്കു കൊണ്ടുപോകാനുപയോഗിച്ച എല്‍ദോയുടെ സാന്‍ട്രോ കാര്‍ ക്രൈംബ്രാഞ്ച് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. കാറിന്റെ ഡ്രൈവറായി പോയ സ്വരാജിനെ ക്രൈംബ്രാഞ്ച് അറസ്‌റ്റു ചെയ്‌തിരുന്നു.
എറണാകുളം ജില്ലയിലെ പിണറായി പക്ഷത്തെ ശക്‌തരായ നേതാക്കളാണ് പറവൂര്‍ പീഡനക്കേസില്‍പ്പെട്ട തോമസ് വര്‍ഗീസും കെ.എം. എല്‍ദോയും. സി.പി.എമ്മില്‍ വിവിധ പോഷകസംഘടനകളുടെ ഭാരവാഹിത്വവും ഇവര്‍ക്കുണ്ടായിരുന്നു. സി.പി.എം. വിഭാഗീയത രൂക്ഷമായ കോലഞ്ചേരി ഏരിയാ കമ്മിറ്റിക്കു കീഴിലാണ് ഇവര്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. മണ്ണൂരിലെ ഒരു പ്രമുഖ ചിട്ടി-കുറി കമ്പനിയിലെ പാര്‍ട്‌ണര്‍ഷിപ്പ് ഉള്‍പ്പെടെ കമ്യൂണിസ്‌റ്റ് ശൈലിക്കു നിരക്കാത്ത ജീവിതരീതിയാണ് ഇരുവരുടേതെന്നു പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ കടുത്ത വിമര്‍ശനമുണ്ടായിരുന്നു.
പറവൂര്‍ കേസില്‍പ്പെട്ട മഴുവന്നൂര്‍ ലോക്കല്‍ സെക്രട്ടറി തോമസ് വര്‍ഗീസിനെതിരേ മുമ്പും ലൈംഗിക അപവാദക്കേസും പോലീസ് പരാതിയും ഉണ്ടായിട്ടുണ്ട്. സി.പി.എം. വനിതാ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവും ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റിയംഗവും ജില്ലാ പഞ്ചായത്തിലേക്കു സി.പി.എം. പ്രതിനിധിയായി മത്സരിച്ചു പരാജയപ്പെടുകയും ചെയ്‌ത വനിതാ നേതാവാണ് ഇയാള്‍ക്കെതിരേ പാര്‍ട്ടിയിലും പോലീസിലും പരാതി നല്‍കിയത്. ഇതിന്റെ വൈരാഗ്യത്തില്‍ പരാതിക്കാരിയായ മഹിളാ നേതാവിനെയും ഭര്‍ത്താവിനെയും ഗുണ്ടകളെ വിട്ടു മര്‍ദിച്ച സംഭവവും ഉണ്ടായി. മഹിളാ നേതാവിന്റെ പരാതിയിന്മേല്‍ വി.എസ്. പക്ഷത്തിനു മേല്‍ക്കൈയുള്ള കോലഞ്ചേരി ഏരിയാ കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ തോമസ് വര്‍ഗീസ് കുറ്റക്കാരനാണെന്നു കണ്ടെത്തിയിരുന്നു. തെരഞ്ഞെടുക്കപ്പെട്ട സ്‌ഥാനങ്ങളില്‍ നിന്നും ഇയാളെ മാറ്റാന്‍ ഏരിയാ കമ്മിറ്റി തീരുമാനിച്ചെങ്കിലും ജില്ലാ കമ്മിറ്റിയിലെ പിണറായി പക്ഷനേതാവ് ഇടപെട്ട് അന്വേഷണ റിപ്പോര്‍ട്ട് പൂഴ്‌ത്തിവയ്‌പ്പിക്കുകയായിരുന്നു. ഇതിനു ജില്ലാ സെക്രട്ടറിയും കൂട്ടുനിന്നതായി ആരോപണമുണ്ട്. കോലഞ്ചേരി ഏരിയാ കമ്മിറ്റിയുടെ നിര്‍ദേശം അംഗീകരിച്ചു തോമസ് വര്‍ഗീസിനെ പണ്ടേ പുറത്താക്കിയിരുന്നെങ്കില്‍ പാര്‍ട്ടിക്ക് ഇപ്പോഴുണ്ടായ നാണക്കേട് ഒഴിവാക്കാനാകുമായിരുന്നെന്നാണ് ആരോപണം. എറണാകുളം ജില്ലയിലെ രണ്ടു മുതിര്‍ന്ന സി.പി.എം. നേതാക്കള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലുള്‍പ്പെട്ടത് പാര്‍ട്ടി നേതൃത്വത്തെ വല്ലാത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്
No comments:
Post a Comment