മാമ്പാറ
ബ്ലെസി സംവിധാനം ചെയ്തു മോഹന്‍ലാല്‍ അഭിനയിച്ച ഭ്രമരം എന്ന സിനിമ കണ്ടതുമുതല്‍ തുടങ്ങിയ ഒരു ആഗ്രഹമായിരുന്നു ആ സിനിമ ചിത്രീകരിച്ച മനോഹരങ്ങളായ സ്ഥലങ്ങള്‍ ഒന്ന് കാണണം എന്നത് . പാറക്കൂട്ടങ്ങള്‍ മാത്രം നിറഞ്ഞ റോഡിലൂടെ അതിവേഗത്തിലുള്ള ജീപ്പ് യാത്രയും അവസാന രംഗത്തിലെ രണ്ടായി പിരിഞ്ഞു വീണ്ടും ഒന്ന് ചേരുന്ന കുന്നില്‍ മുകളിലെ അതിമനോഹരമായ റോഡും എന്നെ ഉറക്കം കെടുത്താന്‍ തുടങ്ങിയപ്പോള്‍ ഞാന്‍ അന്വേഷണം ആരംഭിച്ചു. ഒടുവില്‍ ആ സ്ഥലം പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതിയുടെ അടുത്തുള്ള മാമ്പാറയാണ് എന്ന അറിവ് മാത്രം കിട്ടി. അങ്ങിനെ ആ ഒരു ക്ലൂ മാത്രം മനസ്സില്‍ വച്ചു സ്ഥിരം യാത്രകളിലെ പങ്കാളികളായ മകനെയും ഭാര്യയെയും കൂട്ടി തൃശ്ശൂരില്‍ നിന്നും ഒരു ഞായറാഴ്ച മാമ്പാറയിലേക്കുള്ള യാത്ര പുറപ്പെട്ടു.
തൃശ്ശൂര്‍ നിന്നും വടക്കുംചേരി - നെന്മാറ - പോത്തുണ്ടി ഡാം വഴി നെല്ലിയാമ്പതി വരെ ഏകദേശം എണ്പത്തിനാല് കിലോമീറ്റര്‍ ദൂരം വരും. ഈ യാത്രക്കിടയില്‍ കാണാന്‍ ഏറ്റവും സുന്ദരമായ സ്ഥലം പോത്തുണ്ടി ഡാം ആണ്. സിമന്റ് ഉപയോഗിക്കാതെ, ചുണ്ണാമ്പു കല്ലും മണ്ണും ശര്‍ക്കരയും ചേര്‍ത്ത് നിര്‍മ്മിച്ച ഏഷ്യയിലെ തന്നെ രണ്ടാമത്തെ ഡാം ആണ് ഇത്. സര്‍ക്കാരിന്റെ പിടിപ്പു കേടുകൊണ്ട് ആരും തിരിഞ്ഞു നോക്കാതെ നശിച്ചുകൊണ്ടിരിക്കുന്ന ഈ ഡാമും അതിലെ പൂന്തോട്ടവും ഇപ്പോളും ഈ അവസ്ഥയിലും വളരെ മനോഹരമാണ്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ദിലീപ് ചിത്രമായ വിനോദയാത്രയിലെ ചില പാട്ട് സീനുകളും മറ്റും ഈ ഡാമിന്റെ പരിസരങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
ഡാമിനരുകിലുള്ള മലകളെ മറയ്ക്കാന്‍ ആകാശത്തുനിന്നും ഇറങ്ങി വരുന്ന മേഘങ്ങളെ കണ്ടും ഫോട്ടോയെടുത്തും അല്പം സമയം മാത്രം പോത്തുണ്ടി ഡാമില്‍ ചിലവഴിച്ചു ഞങള്‍ ലക്ഷ്യസ്ഥാനമായ മാമ്പാറയിലേക്ക് വീണ്ടും യാത്ര തുടങ്ങി.
നെല്ലിയാംപതിയെ "പാവങ്ങളുടെ ഊട്ടി" എന്നും പറഞ്ഞു കേട്ടിട്ടുണ്ട് . ഊട്ടിയിലോ, കൊടൈക്കനാലിലോ പോയി ഒരു ഹില്‍ സ്റെഷന്റെ ഭംഗിയും തണുപ്പും അനുഭവിച്ചറിയാന്‍ ഭാഗ്യമില്ലാത്ത പാവങ്ങളായ മലയാളികള്‍ക്കായി ദൈവം തന്ന വരദാനമാണ് ഈ നെല്ലിയാമ്പതി. ഒരു വശത്ത് അഗാധമായ കൊക്കയും ഒരു പാട് വളവുകളും ഉള്ള സുന്ദരമായ റോഡിലൂടെ ഉള്ള യാത്രതന്നെ വളരെ രസകരം ആയിരുന്നു.
ഒരു പെട്രോള്‍ ബങ്കോ , എ ടി എംഓ ഇല്ലാത്ത നെല്ലിയാമ്പതിയില്‍ ഞങള്‍ എത്തുമ്പോള്‍ ഉച്ച ഭക്ഷണം കഴിക്കാനുള്ള സമയം ആയിരുന്നു. നെല്ലിയാമ്പതിയില്‍ നല്ല ഹോട്ടെലുകള്‍ ഒന്നും തന്നെ ഇല്ല എന്ന് പറയാം. വിശപ്പടക്കാന്‍ എന്തെങ്കിലും കിട്ടും എന്നല്ലാതെ നമ്മള്‍ ആഗ്രഹിക്കുന്ന വിഭവങ്ങള്‍ കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്. തരക്കേടില്ലാത്ത ഒരു ഹോട്ടല്‍ തപ്പിയെടുത്തു. മെനു ചോദിക്കുന്നതിനു മുമ്പേ ഊണ് മാത്രമേ ഉള്ളൂ എന്ന മറുപടി കിട്ടി. ഒന്നും പറയാതെ അതും കഴിച്ചു കാശ് കൊടുക്കാന്‍ നേരം മാമ്പാറയെ കുറിച്ച് തിരക്കി.
നെല്ലിയാമ്പതിയില്‍ നിന്നും ഏകദേശം പതിനഞ്ചു കിലോമീറ്റര്‍ ദൂരത്തിലാണ് മാമ്പാറ. ഫോര്‍ വീല്‍ ഡ്രൈവ് ഉള്ള ജീപ്പുകള്‍ മാത്രമേ അവിടേക്ക് പോകു എന്നറിഞ്ഞു. ഏകദേശം എഴുപതോളം ജീപ്പുകള്‍ അവിടേക്ക് സര്‍വീസ് നടത്തുന്നുണ്ട് . ജീപ്പില്‍ അവിടെ പോയി അല്‍പസമയം ചിലവഴിച്ചു തിരികെ പോരുന്നതിനു അറുനൂറു രൂപയാണ് ചാര്‍ജ് . ഏത് ജീപ്പ് വിളിച്ചാലും ഒരേ ചാര്‍ജ് ആണ് അവര്‍ ഈടാക്കുക എന്നും അറിഞ്ഞു. അവിടെ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ഒരു ഡ്രൈവറെ വിളിച്ചു ഞങ്ങള്‍ക്ക് വേണ്ട യാത്രാ സൌകര്യം ഒരുക്കിതരാനും നല്ലവനായ ഹോട്ടലുടമ മറന്നില്ല.
അല്‍പനേരം കാത്തുനിന്നാല്‍ വേറെ മൂന്നോ നാലോ ആളെ കയറ്റാമെന്നും അതാണ് ലാഭമെന്നും ഉള്ള ഹോട്ടല്‍ ഉടമയുടെ വാക്കുകള്‍ അനുസരിക്കാതെ ഞങള്‍ ജീപ്പില്‍ യാത്ര തുടങ്ങി. ഏത് സ്വഭാവക്കാരാണ് എന്നറിയാത്ത അപരിചിതരോടോത്തുള്ള യാത്ര എത്തരത്തില്‍ ആയിരിക്കും എന്നറിയാത്തതിനാല്‍ ആണ് കുടുംബവും ജീപ്പ് ഡ്രൈവറും മാത്രം മതി എന്ന് തീരുമാനിച്ചത് .
പച്ച വിരിച്ചു നില്‍ക്കുന്ന തേയില തോട്ടങ്ങളുടെയും കാപ്പിതോട്ടങ്ങളുടെയും ഇടയിലൂടെയായിരുന്നു ജീപ്പിന്റെ യാത്ര. ടാറിട്ട റോഡിലൂടെ പ്രകൃതി ഭംഗിയും ആസ്വദിച്ചു, തണുത്ത കാറ്റും കൊണ്ട് വളരെ രസകരമായിട്ടായിരുന്നു യാത്ര. ഊട്ടിയെയും കൊടെയ്ക്കനാലിനെയും വെല്ലുവിളിക്കാന്‍ ഉള്ള സൌന്ദര്യം നെല്ലിയാംപതിക്കുണ്ട് എന്ന് ഈ യാത്രയിലൂടെ ബോധ്യമായി.
കുറച്ചു കഴിഞ്ഞു ജീപ്പിന്റെ കുലുക്കം കൂടിയപ്പോഴായിരുന്നു റോഡിലേക്ക് നോക്കിയത് . റോഡ് എന്നു പറയാന്‍ പറ്റാത്ത ചെറിയ ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ റോഡിലൂടെയായിരുന്നു അപ്പോഴത്തെ യാത്ര. വണ്ടിയാണെങ്കില്‍ നല്ല വേഗതയില്‍ ആണ് പോകുന്നത് . ജീപ്പിന്റെ കുലുക്കം രസകരമായി തോന്നി. ഒരു കയ്യില്‍ മകനെയും മറുകയ്യില്‍ ക്യാമറയും പിടിച്ചു ഫോട്ടോയെടുത്തും ആടിയുലഞ്ഞു യാത്ര തുടര്‍ന്നു. ഇത്രയേ ഉള്ളൂ . ഈ ജീപ്പ് യാത്ര ... സിനിമയില്‍ കണ്ടതെല്ലാം വെറും ക്യാമറ ട്രിക്ക്സ് ആയിരിക്കുമോ എന്ന് വിചാരിച്ചിരിക്കുമ്പോള്‍ ഡ്രൈവര്‍ വണ്ടിയുടെ സ്പീഡ് കുറച്ചു. മുന്നില്‍ റോഡ് എന്ന സംഭവം കാണുന്നില്ല സാമാന്യം വലുപ്പമുള്ള പാറകളും പുല്ലുകളും മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു .ക്യാമറ ബാഗില്‍ വെച്ച് മകനെ ചേര്‍ത്ത് പിടിച്ചു ഇരിക്കാനും, ഫോട്ടോ എടുക്കണമെങ്കില്‍ തിരിച്ചു വരുന്ന വഴിയില്‍ നല്ല സ്ഥലങ്ങളില്‍ നിറുത്തി തരാമെന്നും ഡ്രൈവര്‍ പറഞ്ഞത് അല്പം നീരസത്തോടെ അനുസരിച്ചു
www.keralites.net |
No comments:
Post a Comment