Sunday, 26 June 2011

[www.keralites.net] 15,000 രൂപക്ക് ഭാര്യയെ കൈമാറിയ ഭര്‍ത്താവ് അറസ്റ്റില്‍

 

15,000 രൂപക്ക് ഭാര്യയെ കൈമാറിയ ഭര്‍ത്താവ് അറസ്റ്റില്‍

കാഞ്ഞങ്ങാട്: മദ്യപിക്കാന്‍ പണത്തിനുവേണ്ടി ഭര്‍ത്താവ് ഭാര്യയെ 15,000 രൂപക്ക് സുഹൃത്തിനു കൈമാറിയതായി പരാതി. കരിന്തളം കോയിത്തട്ടവരയിലെ പ്രസാദ് ആണ് സുഹൃത്ത് മനോജിന് ഭാര്യയെ കൈമാറിയതായി പൊലീസില്‍ പരാതി ലഭിച്ചത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് പ്രസാദിനെ (29) പൊലീസ് അറസ്റ്റ് ചെയ്തു. പ്രസാദിന്റെയും സുഹൃത്തും മണല്‍വ്യാപാരിയുമായ മനോജിന്റെയും പീഡനംമൂലം പൊറുതിമുട്ടി ആത്മഹത്യ ചെയ്യാനൊരുങ്ങിയ 24കാരിയായ യുവതിയും മൂന്നു വയസ്സുകാരി മകളും അയല്‍വാസിയായ സ്ത്രീയുടെ സംരക്ഷണയിലാണ് കഴിയുന്നത്.

നാലുവര്‍ഷം മുമ്പാണ് നീലേശ്വരം ചോയ്യംകോട് സ്വദേശിനിയായ യുവതിയെ കരിന്തളത്തെ ടാപ്പിങ് തൊഴിലാളിയായ പ്രസാദ് വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ തന്നെ ഭര്‍തൃവീട്ടില്‍ പീഡനം തുടങ്ങിയതായി യുവതി പരാതിയില്‍ പറയുന്നു. സ്ഥിരമായി മദ്യപിച്ചുവരാറുള്ള പ്രസാദ് യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു. മദ്യപിക്കാന്‍ സുഹൃത്തുക്കളെയും കൂട്ടിയാണ് പ്രസാദ് വീട്ടിലെത്തിയിരുന്നത്.

ഇവരും യുവതിയെ പീഡിപ്പിക്കാറുണ്ടത്രെ. മനോജില്‍നിന്ന് 15,000 രൂപ വാങ്ങി പ്രസാദ് ഭാര്യയെ കൈമാറുകയായിരുന്നുവത്രേ. മനോജ് ബലാത്സംഗം ചെയ്തതായി പറഞ്ഞ് യുവതി നാലുതവണ പരാതി നല്‍കിയെങ്കിലും നീലേശ്വരംപൊലീസിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ലെന്ന് യുവതി പറഞ്ഞു.

പരാതിയുമായി ചെന്നപ്പോള്‍ നീലേശ്വരം സി.ഐയും മറ്റു പൊലീസുകാരും വളരെ മോശമായി ചോദ്യങ്ങള്‍ ചോദിച്ച് ആക്ഷേപിച്ചുവെന്നും യുവതി പറഞ്ഞു. തുടര്‍ന്ന് ഹോസ്ദുര്‍ഗ് കോടതിയെ സമീപിക്കുകയായിരുന്നു. യുവതിയുടെ ഹരജിയില്‍ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഒന്നാംപ്രതി മനോജിനെയും രണ്ടാംപ്രതി പ്രസാദിനെയും ഉടന്‍ അറസ്റ്റു ചെയ്യാന്‍ രണ്ടുമാസം മുമ്പ് നീലേശ്വരം പൊലീസിനോട് ഉത്തരവിട്ടെങ്കിലും നടപടിയെടുത്തില്ല. തുടര്‍ന്ന് യുവതി ഹോസ്ദുര്‍ഗ് ഡിവൈ.എസ്.പി ജോസി ചെറിയാനെ നേരില്‍കണ്ട് തന്റെ അവസ്ഥ അറിയിക്കുകയായിരുന്നു. ഡിവൈ.എസ്.പി ജോസി ചെറിയാന്റെ നിര്‍ദേശപ്രകാരം നീലേശ്വരം പൊലീസ് രണ്ടാംപ്രതിയായ ഭര്‍ത്താവ് പ്രസാദിനെ ഒരാഴ്ച മുമ്പാണ് അറസ്റ്റു ചെയ്തത്. പ്രസാദിനെ കോടതി റിമാന്‍ഡ് ചെയ്തു.

പ്രസാദ് ജയിലിലായതിനുശേഷം ചോയ്യംകോട്ടെ തന്റെ വീടിനുനേരെ മനോജും സംഘവും അക്രമം നടത്തുകയാണെന്ന് യുവതി പറഞ്ഞു. നിരവധി തവണ വീടിന്റെ ജനല്‍ഗ്ലാസുകള്‍ അടിച്ചുതകര്‍ത്തു. ഒന്നാം പ്രതിയായ മനോജിനെ നീലേശ്വരം സി.ഐ സംരക്ഷിക്കുകയാണെന്നാണ് യുവതിയുടെ ആരോപണം.കൂലിവേല ചെയ്യുന്ന വൃദ്ധമാതാപിതാക്കള്‍ മാനഹാനി ഭയന്ന് എല്ലാം പുറത്തുപറയാന്‍ മടിക്കുകയാണ്. സംഭവത്തെക്കുറിച്ച് മനുഷ്യാവകാശ കമീഷനും വനിതാ കമീഷനും മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്ന് യുവതി പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നും മനോജ് ഒളിവിലാണെന്നും ഹോസ്ദുര്‍ഗ് ഡിവൈ.എസ്.പി ജോസി ചെറിയാന്‍ പറഞ്ഞു.


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment