Tuesday, 28 June 2011

[www.keralites.net] ഡ്രൈവിങ് ലൈസന്‍സ്

 

Fun & Info @ Keralites.netഞാന്‍ അല്‍പം കൂടി ഒതുങ്ങി ഇരുന്നു. മുടിയാന്‍ ഇത്ര രാവിലെതന്നെ എന്തൊരു ചൂട്. അറബിയുടെ പിക്കപ്പില്‍ ഏസി പോയിട്ട് ഡീസി പോലുമില്ല. ഞങ്ങള്‍ മൂന്നു സാമാന്യന്മാര്‍ ഇരിക്കുന്ന സീറ്റിലേക്കാണ് നാലാമത്തവന്‍ - അദ്നാന്‍ സ്വാമിയുടെ നേരെ ഇളയവന്‍ കയറിയിരുന്നത്. സീറ്റിന്റെ പകുതിയില്‍ അദ്നാനും ബാക്കി പകുതിയില്‍ ഞങ്ങള്‍‍ മൂന്നുപേരും.ഞാന്‍ അദ്നാന്റെ തൊട്ടടുത്ത്. എന്റെ ഇടത്തുവശത്തു മറ്റു രണ്ട് പേര്‍ - ഒരു പച്ചയും (പാകിസ്ഥാനി) ഒരു നീഗ്രൊയും. നീഗ്രൊയെ എനിക്കു പേടിയാണ്‌. എപ്പോഴാണു പോക്കറ്റ് അടിച്ചുമാറ്റുന്നതെന്നു പറയാന്‍ പറ്റില്ല. മുന്‍പ് രണ്ട് നീഗ്രൊകള്‍ ഞാനറിയാതെ എന്നെ വഹിച്ചതാണ്. റിയാദ് ഈവര്‍ഷം സൂര്യനോട് 20 കിലോമീറ്റര്‍ അടുത്തെത്തിയെന്നു ആരോ പറയുന്നതുകേട്ടു. മനോരമയിലും ഏഷ്യാനെറ്റിലും വാര്‍ത്ത കണ്ടില്ല. ഏതായാലും രാവിലെ ഏഴുമണിക്കുതന്നെ കഷണ്ടിയേല്‍ ഓംലെറ്റ് അടിക്കാന്‍ പറ്റിയ ചൂട്.

ഇനി ഇത്ര കഷ്ടപ്പെട്ട് രാവിലെതന്നെ എങ്ങൊട്ടാണെന്നല്ലേ. ഡ്രൈവിങ് സ്കൂളില്‍ പോവുകയാണ്. ഒരു ലൈസന്‍സ് എടുക്കണമെന്ന തീക്ഷ്ണമായ ആഗ്രഹം മനസ്സില്‍ വളരാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമായി. അതു വളര്‍ന്നു പടര്‍ന്നുപന്തലിച്ചു മനസ്സിന്റെ അതിര്‍ത്തികള്‍ ഭേദിച്ചു ചെവിയിലൂടെയും മൂക്കിലൂടെയും വായിലൂടെയുമെല്ലാം ഇലകളും പൂക്കളുമെല്ലാമായി ശോഭിക്കാന്‍ തുടങ്ങിയപ്പോഴാണ് സന്തോഷിന് ലൈസന്‍സ് കിട്ടിയെന്ന ദിവ്യസന്ദേശം കിട്ടിയത്. അദ്ദേഹതതിന് യാതൊരു ബുദ്ധിമുട്ടുമില്ലാതെ ലൈസന്‍സ് കിട്ടിയത്രെ. ഞാന്‍ റിയാദില്‍ വന്നു ചാടിയപ്പോള്‍ എന്നെ തന്റെ കമ്പനിയുടെ ക്യാമ്പില്‍ ചെല്ലും ചെലവും തന്നു പാര്‍പ്പിച്ച ദീനാനുകമ്പനാണു ശ്രീമാന്‍ സന്തോഷ്. അദ്ദേഹം ഡ്രൈവിങ് ടെസ്റ്റ്‌ പാസ്സായി, ലൈസന്‍സ് വാങ്ങാന്‍ പോകുന്ന ദിവസം ഞങ്ങള്‍ ഒരുമിച്ചു പോകാമെന്നു തീരുമാനിച്ചുറപ്പിച്ചു. ടിയാനു നാലഞ്ചു ദിവസത്തെ എക്സ്പീരിയന്‍സ് ഉള്ളതുകൊണ്ട് ഏതൊക്കെ കൌണ്ടറുകളില്‍ എങ്ങനെയൊക്കെ കയറിയിറങ്ങണമെന്നു എനിക്കു മാര്‍ഗ്ഗനിര്‍ദ്ദേശം തന്നുകൊണ്ട് അദ്ദേഹംതന്നെ മുന്‍കൈയെടുത്ത് എന്റെ ആപ്ലിക്കേഷന്‍ ഫയല്‍ തയ്യാറാക്കി. ആദ്യത്തെ കൗണ്‍ടറില്‍ ഫയല്‍ സബ്മിറ്റ് ചെയ്യാന്‍ ചെന്നപ്പോള്‍ കണ്ണാടിക്കൂട്ടിലിരിക്കുന്ന കാട്ടറബി എന്റെ ഫയലിലെ ഫോട്ടൊയിലേക്കും എന്നേയും മാറിമാറി നോക്കി. പ്ലാവിന്റെ കൊമ്പത്തിരുന്നു ചട്ടിയില്‍ കിടക്കുന്ന മീനിനെ നോക്കുന്ന കാക്കയേപ്പോലെ ഒളിഞ്ഞും ചെരിഞ്ഞും നോക്കി. എന്നിട്ട് ഫയല്‍ തിരിച്ചുതന്നു വേറെ ഫോട്ടോയുമായി വരാന്‍ പറഞ്ഞു. ശുദ്ധഗതിക്കാരനായ എനിക്കു ഒന്നും മനസ്സിലായില്ല. തിരിച്ചെന്തെങ്കിലും ചോദിക്കണമെങ്കില്‍ എനിക്ക് ഇവിടുത്തെ ഭാഷയില്‍ നല്ല പരിജ്ഞാനമല്ലേ. കണ്ണാടിക്കൂട്ടിലെ കറുത്ത പുണ്യാളന്‌ അറബിയല്ലാതെ കയ്യും കലാശവുമാണു ഭാഷ. എനിക്കാണെങ്കില്‍ നാടോടിക്കാറ്റിലെ മാമുക്കോയ പഠിപ്പിച്ച അറബി മാത്രമാണറിയാവുന്നത്. ചോദിക്കാനാഞ്ഞതു മുഴുവനോടെ വിഴുങ്ങി. തിരുവായ്‌ക്കെതിര്‍വായില്ലല്ലോ. ഫോട്ടോയെടുത്ത് വരാം. അടുത്തെവിടെയാണ്‌ സ്റ്റുഡിയോ ഉള്ളതെന്ന്‌ ഗൂഗ്ഗിളില്‍ തപ്പി നോക്കി. തിരിച്ചും മറിച്ചും ബ്രൗസ്‌ ചെയ്തു. മൂന്നു റിസള്‍ട്ടുകള്‍ കിട്ടി. ഒരെണ്ണം സ്കൂള്‍ കോമ്പൗണ്ടില്‍ തന്നെയുണ്ട്. നാലു ഫോട്ടോയ്ക്കു മുപ്പതുറിയാല്‍. പിന്നൊന്നു റോഡിനപ്പുറം മലയാളി ഹോട്ടല്‍-കം-സ്റ്റുഡിയോ - 20 റിയാല്‍. മൂന്നാമത്തേത്‌ ടാക്സി പിടിച്ചു ബത്തയില്‍ പോയാല്‍ 10 റിയാലിന് കാര്യം സാധിക്കാം. റോഡിനിപ്പുറം വന്നു 20 റിയാലിനു നാലെണ്ണം കച്ചവടമുറപ്പിച്ചു. ഫോട്ടോഗ്രാഫര്‍-കം-പൊറോട്ട അടിക്കാരന്‍ പത്തു മിനറ്റുകൊണ്ട് നാലു ഫോട്ടോ ചുട്ടു കയ്യില്‍ തന്നു. എന്റെ ഫോട്ടോ കണ്ട് ഞാന്‍ ഞെട്ടി. സന്തോഷന്‍ ഒരു കമ്പനിക്കു കൂടെ ഞെട്ടി. കാര്യങ്ങള്‍ ധ്രുതഗതിയില്‍ നടക്കേണ്ടിയിരുന്നതുകൊണ്ട് ഞങ്ങള്‍ വീണ്ടും കൂപ്പണെടുത്ത് ഒന്നാമത്തെ കൗണ്ടറിലെത്തി. ഇത്തവണ കണ്ണാടിക്കൂട്ടിലെ പുണ്യാളനു സന്തോഷമായി. ഒരു രജിസ്റ്റ്റില്‍ എന്തൊ എഴുതി ഫയല്‍ തിരിച്ചു തന്നിട്ട് തെക്കുകിഴക്കു ദിശയില്‍ ആകാശത്തേക്കു കൈ ചൂണ്ടി എന്തോ പറഞ്ഞു. ഞാനും ആകാശത്തേക്കു നോക്കി. ഭിത്തിയില്‍ പറ്റിയിരുന്ന ഒരു പാറ്റയെയല്ലാതെ വേറൊന്നും എനിക്കു ദൃശ്യമായില്ല. പരിചയസമ്പന്നന്‍ കൂടെയുണ്ടല്ലൊ. രണ്ടാം ഘട്ടത്തിലേക്കു പോകാനാണെന്ന്‌ അദ്ദേഹം വിവരിച്ചുതന്നു.

Fun & Info @ Keralites.netരണ്ടാം ഘട്ടം എന്നത് ലെവെല്‍ ടെസ്റ്റ് ആണ്‌. ഗ്രൌണ്‍ടിന്റെ ഒരു ഭാഗത്ത് ഒരു മിസ്സിരി ഒരു കാറിലിരിക്കുന്നു. അതിനടുത്ത് ആളുകള്‍ ലൈനായി നില്‍ക്കുന്നു. ഞാനും അവസാനം വരിപിടിച്ചു. മേരാ നംബര്‍ കബ് ആയേഗാ? എന്റെ ഊഴമെത്തിയപ്പോള്‍ ചാടിക്കേറി കാറിന്റെ ഡ്രൈവിങ് സീറ്റില്‍ ഇരുന്നു. എന്റെ കണ്ണുകള്‍ മിസ്സിരിയോടു ചോദ്യം ചോദിച്ചു. മിസ്സിരിയുടെ കണ്ണുകള്‍ ഉത്തരിച്ചു. മുന്‍പോട്ടെടുക്ക്. എടുത്തു. വീണ്ടും കണ്ണുകള്‍ പുറകോട്ടു ആംഗ്യം കാണിച്ചു. ഞാന്‍ പുറകോട്ടെടുത്തു. എന്റെ ഫയലില്‍ മിസ്സിരി എന്തോ ഒന്നു ഇടത്തോട്ടെഴുതി. എന്റെ കണ്ണുകള്‍ വീണ്ടും ചോദിച്ചു. ഇനി? പിരമിഡിന്റെ നാട്ടുകാരന്‍ വടക്കുപടിഞ്ഞാറുഭാഗത്തേക്കു കൈയുയര്‍ത്തി. അതാണു മൂന്നാം ഘട്ടം. ആദ്യമായി ലൈസന്‍സ് എടുക്കാന്‍ ചെല്ലുന്നവന്‍ വണ്ടി ഓടിച്ചു കാണിക്കുന്നത് എന്തിനാണെന്ന്‌ എനിക്കു മനസ്സിലായില്ല. എനിക്കറിയാത്ത എത്രയോ കാര്യങ്ങള്‍ ഈ ലോകത്തിലുണ്ട്. അതിന്റെ കൂടെ ഇതുകൂടെ കിടക്കട്ടെ. മൂന്നാം ഘട്ടമായ അടുത്ത കൗണ്ടറില്‍ ചെന്നു. അവിടെയും നീണ്ട ക്യൂ. മേരാ നംബര്‍ കബ് ആയേഗാ? ഒരു വിധത്തില്‍ കണ്ണാടിക്കൂടിനു മുമ്പിലെത്തി. അവിടെ ഒരു പള്ളീലച്ചന്‍ തലയില്‍ തട്ടമിട്ടു അതിന്റെ മുകളില്‍ ചാട്ടവാര്‍ ചുരുട്ടിവച്ചിരിക്കുന്നു. അവിടേയും കണ്ണുകൊണ്ട് കയ്യാങ്കളി നടത്തി. നൂറു റിയാല്‍ അടക്കാന്‍ അച്ചന്‍ ഉപദേശിച്ചു. അത് അടച്ച് രസീത് വാങ്ങി. അടുത്ത കയ്യാങ്കളിയില്‍ക്കൂടി ഒരു കാര്യം മനസ്സിലായി. വൈകിട്ട് നാലുമണിക്ക് കമ്പ്യൂട്ടര്‍ ക്ലാസ്സില്‍ ചെല്ലണം. നേരെ ടാക്സി പിടിച്ച് ഓഫീസില്‍ പോയി. മാനേജരുടെ മുഖത്ത് പുജ്ഞം നീയെന്തിനാടാ ലൈസന്‍സെടുക്കുന്നത്?

പ്രത്യേകാനുമതിപ്രകാരം മൂന്നുമണിക്ക് ഓഫീസ്സില്‍നിന്നു ചാടി. വീണ്ടും ടാക്സിയില്‍ സ്കൂളിലേക്ക്. അവിടെ ചെന്നപ്പോള്‍ ഈച്ചപോയിട്ട് ഒരു കൊതുക് പോലും എത്തിയിട്ടില്ല. വെറുതെ ഇരുപത് റിയാല്‍ കളഞ്ഞു. ബസ്സിനു വന്നാല്‍ മതിയായിരുന്നു. സ്വതവേ ക്ഷമാശീലനായ ഞാന്‍ സ്കൂളിന്റെ വരാന്തയില്‍ കുത്തിയിരുന്നു. മടുത്തപ്പോള്‍ എഴുന്നേറ്റിട്ട് വീണ്ടും കുത്തിയിരുന്നു. അഞ്ചുമണിവരെ വേരിറങ്ങിയപ്പോള്‍ വിദ്യാര്‍ത്ഥികളും പിന്നെ ഉസ്താദും വന്നു. ഉസ്താദ് ഒരു മിസ്സിരിയാണ് (പിരമിഡിന്റെ നാട്ടുകാരന്‍). പിരമിഡന്‍ എല്ലാവരേയും ഹാജര്‍ നോക്കി ഒരു ഹാളില്‍ ഇരുത്തി. അദ്ദേഹം ഒരു മേശയില്‍ കുമ്പിട്ടിരുന്ന്‌ എന്തോ എഴുതിക്കൊണ്ടിരുന്നു. ഞങ്ങള്‍ എന്തോ അത്ഭുതം നടക്കുന്നതുകാണാന്‍ ഉറ്റുനോക്കിക്കൊണ്ടിരുന്നു. ഏറെനേരമായി അദ്ദേഹം കുമ്പിട്ടിരുന്ന്‌ എഴുത്തുതന്നെയാണ്. വ്യഭിചാരിണിയായ സ്ത്രീയെ വിസ്തരിച്ചപ്പോള്‍ ക്രിസ്തുദേവന്‍ ഇരുന്നത് ഓര്‍മ്മവന്നു. പിന്നെ പിരമിഡന്‍ ഇംഗ്ലീഷിലും അറബിയിലുമായി സിഗ്നലുകള്‍ വിവരിച്ചുതന്നു. അവിടെയുണ്ടായിരുന്ന മലയാളികളെ ആനന്ദതുന്ദിലരാക്കിക്കൊണ്ട് അദ്ദേഹം ഒരു പ്രസ്താവനയിറക്കി. കമ്പ്യൂട്ടര്‍ ടെസ്റ്റിലെ പതിനൊന്നു ഭാഷകളില്‍ ഒന്നു മലയാളമാണത്രെ. നമ്മുടെ കൊച്ചുകേരളത്തിന്‌ അഭിമാനിക്കാന്‍ ഇതില്‍ക്കൂടുതല്‍ എന്തുവേണം. മേരാ കേരള്‍ മഹാന്‍! എന്റെ ചോര ഞരമ്പുകളില്‍ തിളച്ചു. അരമണിക്കൂറുകൊണ്ട് കൊടുത്തകാശിനുള്ള പഠിപ്പീരു കഴിഞ്ഞു. ഇനി പഠിപ്പിക്കണമെങ്കില്‍ കാശു വേറെ കെട്ടണം. കമ്പ്യൂട്ടര്‍ ടെസ്റ്റിനു വരാവുന്ന ചോദ്യങ്ങളും ഉത്തരങ്ങളും മലയാളത്തില്‍ അച്ചടിച്ചത് അവിടെനിന്നു ഫ്രീയായിട്ടു തന്നു. എന്നിട്ട് ഉസ്താദ് ഞങ്ങളെ ആശീര്‍വദിച്ചനുഗ്രഹിച്ച് യാത്രയാക്കി. പിറ്റേന്ന്‌ രാവിലെ കമ്പ്യൂട്ടര്‍ ടെസ്റ്റിന്‌ ഹാജരാവുക. വിജയീഭവ! ശിഷ്യഗണങ്ങള്‍ നിറഞ്ഞമനസ്സോടെ തലക്കകത്തുമുഴുവന്‍ സിഗ്നലുകളുമായി വീടുകളിലേക്കുപോയി. സന്ധ്യയായി ഉഷസ്സായി ഒന്നാം ദിവസം.

പിറ്റേന്നും പതിവുപോലെ ഏഷ്യാനെറ്റില്‍ സുപ്രഭാതം. അഞ്ചരക്ക് എണീറ്റു. രാത്രിയില്‍ തറയില്‍ ഒന്നുപോലെ കിടന്ന ഒരു മുറിമേറ്റ് നേരംവെളുത്തപ്പോള്‍ രണ്ട്പോലെ വളഞ്ഞ് കിടക്കുന്നു. കൈരണ്ടും തിരുക്കുടുംബത്തിലാണ്‌. മുണ്ടിനെ ഡൈവോഴ്സ് ചെയ്തിരിക്കുന്നു. നല്ല കണി! അപ്പോഴാണ്‌ എന്റെ മുണ്ടിന്റെ കാര്യം ഞാനും ഓര്‍ത്തത്‌. സംഗതി കട്ടിലിന്റെ ചുവട്ടില്‍ തന്നെ ഉണ്ടായിരുന്നു. കണ്ണടച്ചു പ്രാര്‍ത്ഥിച്ചു. മാതാവേ... പരിശുദ്ധാത്മാവേ... പിതാവേ... പുത്രാ... ഇന്നത്തെ ടെസ്റ്റ് എളുപ്പമാക്കിത്തരണേ.. പിന്നെ കാര്യങ്ങള്‍ ധ്രുതഗതിയില്‍ നടന്നു. പ്രഭാതകര്‍മ്മങ്ങളില്‍ അത്യാവശ്യമുള്ളതുമാത്രം യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തി. ഒരു കട്ടനിട്ടുകുടിച്ചു. വേഗം പുറപ്പെട്ടു. കിഴക്കു വെള്ള കീറുന്ന ശബ്ദം. കൗസല്യാ സുപ്രജാ രാമാ പൂര്‍വ്വസന്ധ്യാ പ്രവര്‍ത്തതേ... ഉത്തിഷ്ട നരശാര്‍ദ്ദൂലാ കര്‍ത്തവ്യം ദൈവമാഹ്നികം ... ടാക്സിസ്റ്റാന്റിലെത്തിയപ്പോള്‍ വണ്ടിക്കാരന്‍ സൗദി നീട്ടിവിളിക്കുന്നുണ്ട്. ദള്ളാ... ദള്ളാ... ദള്ളാ... ഇവന്‍ രാവിലെതന്നെ തള്ളേ വിളി തുടങ്ങി. (ഡ്രൈവിങ് സ്കൂളിന്റെ പേരാണ്‌ ദല്ല എന്നത്) കൃത്യം പതിനഞ്ചു മിനറ്റു വൈകി സ്കൂളിലെത്തി. കമ്പ്യൂട്ടര്‍ ടെസ്റ്റ് സെക്ഷനില്‍ ചെന്നു മുഖം കാണിച്ചു തലയെണ്ണിച്ചുFun & Info @ Keralites.net. ഒരു പള്ളിപ്പെരുന്നാളിന്റെ ആള്‍ക്കൂട്ടമാണവിടെ. പത്തും പന്ത്രണ്ടും തവണ കമ്പ്യൂട്ടറിനോടു തോറ്റ മണ്ടന്മാര്‍. ഞാനും ലൈനില്‍ കാത്തിരുന്നു. ടെസ്റ്റിന്‌ ഓരോരുത്തരെ വിളിക്കാന്‍ തുടങ്ങി. ഞാന്‍ പ്രാര്‍ഥനയോടെ ലൈനില്‍ നിന്നു. മേരാ നമ്പര്‍ കബ് ആയേഗാ?.. എന്റെ പേരുവിളിച്ചു. ഞാന്‍ ഇക്കാമയും പൊക്കിപ്പിടിച്ച് അകത്തുചെന്നു. നിരയിലുള്ള കമ്പ്യുട്ടറുകളിലൊന്നിലേക്കു പോലീസുകാരന്‍ ഗ്രീന്‍ സിഗ്നലിട്ടു. ഞാന്‍ കമ്പ്യൂട്ടറിനെ ചിരിച്ചുകാണിച്ചു. ദൈവങ്ങളെ വിളിച്ചു. സീനിയോറിറ്റി അനുസരിച്ച് എല്ലാ വിശുദ്ധരേയും വിളിച്ചു. അസാദ്ധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനെ കാര്യത്തിന്റെ ഗൗരവം പ്രത്യേകം ഓര്‍പ്പിച്ചു. പിന്നെ കാര്യങ്ങള്‍ ചടപടാന്നു നടന്നു. നിങ്ങള്‍ വിജയകരമായി ടെസ്റ്റ് പൂര്‍ത്തിയാക്കിയിരിക്കുന്നു എന്നു കമ്പ്യൂട്ടര്‍ വെണ്ടക്കാ നിരത്തി. എല്ലാ പുണ്യവാളന്മാര്‍ക്കും നന്ദി. അസാദ്ധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥന്‌ പ്രത്യേകം നന്ദി. ഇനിയാണു കടുകട്ടിയായ രണ്ടാം ഭാഗം. ഡ്രൈവിങ് ടെസ്റ്റ്!! ഇതുകൂടി പാസ്സായാല്‍ പിന്നെ ഞാനാരാ!! വീണ്ടും നീട്ടി വിളി തുടങ്ങി. കൊന്ത.. മാതാവ്..

കാലം സമാഗതമായപ്പോള്‍ ടെസ്റ്റിനുള്ളവരെ മുറൂറന്‍ (ട്രാഫിക്‌ പോലീസ്) നീട്ടി വിളിക്കാന്‍ തുടങ്ങി. മെത്തിവാ.. താകറല്‍.. ഫ്ലേബ്.. ദൈവമേ.. മനുഷ്യര്‍ക്ക് എന്തെല്ലാംതരം പേരുകളാണ്‌! അയാള്‍ ഉറക്കെ പേരു വീണ്ടും വിളിച്ചു. ആളില്ല..ഇവന്‍ എവിടെ പോയി! ആ ഫയല്‍ അടിയിലേക്കു തള്ളി. അടുത്തവന്റെ പേരുവിളിച്ചു. അയാളുടെ കയ്യിലെ ഫയലുകള്‍ ഒന്നൊന്നായി തീരു‍ന്നു. എന്റെ പേരുമാത്രം വിളിക്കുന്നില്ല. മേരാ നമ്പര്‍ കബ് ആയേഗാ?.. എല്ലാ ഫയലും തീര്‍ന്നു. അയാളുടെ കയ്യില്‍ ആദ്യത്തെ ഫയല്‍ മാത്രം ബാക്കി. എന്റെ പേരുമാത്രം വിളിച്ചില്ല. ഇനി ഞാന്‍ കമ്പ്യൂട്ടര്‍ ടെസ്റ്റ് പാസ്സായില്ലേ?.. മൂരിക്കുട്ടന്‍ വീണ്ടും നിലവിളിച്ചു. മെത്തിവാ.. താകറല്‍.. ഫ്ലേബ്.. എന്റെ തലക്കകത്ത് ബള്‍ബുകള്‍ കത്തി. ആന്റിനകള്‍ റേഞ്ചുപിടിക്കാന്‍ തുടങ്ങി. മാത്യു തകിടിയില്‍ ഫിലിപ്പ് എന്നതിന്റെ അറബി പരിഭാഷയല്ലേ ആ കേള്‍ക്കുന്നത്? ഞാന്‍ ഇടിച്ചുകേറി. എന്റെ ഫയലതാ പോലീസിന്റെ കയ്യില്‍കിടന്നു പിടയ്ക്കുന്നു! അങ്ങനെ ഒന്നാമനായ ഞാന്‍ അവസാനനായി. മുന്‍പന്മാര്‍ പിന്‍പന്മാ
രും പിന്‍പന്മാര്‍ മുന്‍പന്മാരുമാകുമെന്ന സുവിശേഷം ഇതാ അന്വര്‍ത്ഥമായിരിക്കുന്നു. ഞാന്‍ ഡ്രൈവിങ് ടെസ്റ്റിനുള്ള ലൈനിന്റെ അവസാനം വരിപിടിച്ചു. മേരാ നമ്പര്‍ കബ് ആയേഗാ?.. സമയരഥം ഇഴഞ്ഞു. എന്റെ നമ്പര്‍ വന്നു. ഞങ്ങള്‍ നാലുപേര്‍ ടെസ്റ്റിനായി കയറി... ആദ്യത്തവന്റെ ടെസ്റ്റ് കഴിഞ്ഞു. ഇനി ഞാനാണ്. ഞാന്‍ വലത് കാലുവച്ച് ഡ്രൈവിങ് സീറ്റില്‍ കയറി. സൗദി അറേബ്യയില്‍ ഇടതുവശത്താണ്‌ ഡ്രൈവിങ്സീറ്റ്. അതുകൊണ്ട് എനിക്ക് അനിയന്‍ബാവ ചേട്ടന്‍ബാവയിലെ ജയറാമിനെപ്പോലെ ബുദ്ധിമുട്ടേണ്ടിവന്നില്ല. മനസ്സിലും തലച്ചോറിലും ചെണ്ടമേളവും തായമ്പകയും വെടിക്കെട്ടും നടന്നു. ബെല്‍റ്റിട്ടു, മിറര്‍ നേരെയാക്കി, ഗിയറിട്ടു, ഹാന്‍ഡ്ബ്രേ

ക്ക് മാറ്റി വണ്ടി മുന്നോട്ടെടുത്തു. ശുഭലക്ഷണം! മുന്നോട്ടു നീങ്ങവേ സാത്താന്‍ അറബിയില്‍ ഏന്തൊ പറഞ്ഞു. ഒരു പോലീസുകാരനല്ലേ... കാര്യമെന്താണെന്നറിയാന്‍ ഞാന്‍ അങ്ങോട്ടു തിരിഞ്ഞ് അയാളോട് എന്താണ്‌ പറഞ്ഞതെന്നു ഭവ്യതയോടെ ആരാഞ്ഞു. ഞാന്‍ ഓടിച്ചുകൊണ്ടിരുന്ന കാറിന്‌ എന്റെ പെരുമാറ്റം തീരെ ഇഷ്ടപ്പെട്ടില്ല. കാറ്‌ പതുക്കെ ഒരു സൈഡിലോട്ട് തനിയെ ഓടാന്‍ തുടങ്ങി. കാറിന്റെ പെരുമാറ്റം പോലീസുകാരനും ഒട്ടും പിടിച്ചില്ല. അദ്ദേഹം തിരുവുള്ളമായി കല്‍പ്പിച്ചരുളി. ആരവിടെ?.. ഞാനിവിടെ!... വണ്ടി നില്‍ക്കട്ടെ... ഞാന്‍ ബ്രേക്കില്‍ ആഞ്ഞു ചവിട്ടി. അഞ്ചു തലകള്‍ ഇടിച്ചുനിന്നു... പോലീസുകാരന്‍ എന്നെ ക്രൂരമായി നോക്കി. ഇറങ്ങി പോടേയ്... ഞാന്‍ ഇറങ്ങി ബാക്ക് സീറ്റില്‍ വന്നിരുന്നു. അടുത്തയാള്‍ വണ്ടിയുടെ കണ്‍ട്രോള്‍ ഏറ്റെടുത്തു. ഞാന്‍ പുറകിലിരുന്ന്‌ ഏന്തിവലിഞ്ഞ് മുന്നോട്ട് നോക്കി. എന്റെ ഫയലില്‍ മുറൂര്‍ എന്താണെഴുതുന്നതെന്ന്‌. അദ്ദേഹം എല്ലാ കോളങ്ങളിലും നീട്ടിവരച്ചു. എന്റെ ചീട്ടുകീറി.. തോല്‍പ്പിച്ചുകളഞ്ഞല്ലോ പിതൃശൂന്യന്‍.... ഫലപ്രഖ്യാപനതിന്റെ സമയമായി. ജയിച്ചവരുടെ കൂട്ടത്തില്‍ എന്റെ പേര്‌ നഹിനഹി... എന്റെ സ്ലിപ്പ് തിരിച്ച് തന്നിട്ട് അടുത്തയാഴ്ച രണ്ടാമതും ചെല്ലാന്‍ അറിയിപ്പുണ്ടായി. സന്ധ്യയായി ഉഷസ്സായി രണ്ടാം ദിവസം.

തുടരാതെ രക്ഷയില്ലാ.....
By Venniyodan
 


www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment