'മാണിക്യകല്ലി'ലെ കല്ലുകടികള്‍ പൊതുവിദ്യാഭ്യാസം നിലനില്‍പ്പ് ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, അത്തരമൊരു ഉള്ളടക്കം പ്രമേയമാക്കിയ ചിത്രം എന്ന നിലക്കാണ്, 'മാണിക്യകല്ല്' കാണാന്‍ പോയത്. എന്നാല്‍, മലയാള സിനിമകളില്‍ പൊതുവെ കാണപ്പെടുന്ന മുസ്‌ലിംവിരുദ്ധ ആഖ്യാന നിര്‍മിതികള്‍ 'മാണിക്യകല്ലി'ലും അവതരിപ്പിക്കപ്പെട്ടപ്പോള്‍ നമ്മുടെ മുഖ്യധാരയുടെ മുസ്‌ലിംവിരുദ്ധ പൊതുബോധത്തെക്കുറിച്ചുള്ള ആശങ്കകളായിരുന്നു മനസ്സിനെ മദിച്ചത്. വളരെ നിരൂപണ പ്രാധാന്യമര്‍ഹിക്കുന്നുണ്ട് നടന്‍ അനൂപ് ചന്ദ്രന്‍ അവതരിപ്പിച്ച മുസ്‌ലിം കഥാപാത്രം. ഒരു നല്ല പ്രമേയം കൈകാര്യം ചെയ്യുന്ന സിനിമ അത്യന്തം അപകടകരവും സങ്കുചിതവുമായ വംശീയ മുന്‍വിധികള്‍ മുന്നോട്ടുവെക്കുന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ചിത്രത്തില്‍ അറബി അധ്യാപകന്റെ വേഷമാണ് അനൂപ് ചന്ദ്രന്. ഊശാന്‍ താടിയും മുറിയന്‍ പാന്റ്‌സും, അലസതയും കോമാളിത്തവും നിറഞ്ഞ ശരീരഭാഷയും പ്രത്യക്ഷത്തില്‍ നിര്‍ദോഷമെന്ന് തോന്നുമെങ്കിലും, ഇന്ന് നിലവിലുള്ള മുസ്‌ലിംവിരുദ്ധ പൊതുബോധത്തെ നന്നായി ഉത്തേജിപ്പിക്കുന്നുണ്ട്.
ലോക സിനിമകളില്‍ തന്നെ മുസ്‌ലിംകളെ ലൈംഗികാസക്തിയുള്ളവരും തീറ്റ പ്രിയരും അക്രമോത്സുകരുമായി കാണിക്കുന്ന ആഖ്യാനശൈലിയുണ്ട്. ഇത്തരം പതിവ് ആഖ്യാന മാതൃകകള്‍ 'മാണിക്യകല്ലി'ലും കാണുന്നു. എന്നല്ല, അതിനേക്കാള്‍ പച്ചക്ക് വംശീയത വിളിച്ചുപറയുന്നു എന്നതാണ് ഈ സിനിമയിലെ അത്യന്തം അപകടകരവും പ്രതിലോമകരവുമായ ഘടകം. മൂന്ന് ഭാര്യമാരുള്ള ഈ അധ്യാപകന് ആകെയുള്ള പണി പെണ്ണ് കെട്ടലാണത്രെ. ആകെയുള്ള എക്‌സര്‍സൈസ് അതാണെന്ന് അധ്യാപകരുടെ കമന്റ്. വലിയ ടിഫിന്‍ ബോക്‌സുമായി സ്റ്റാഫ് റൂമിലെത്തുന്ന ഇദ്ദേഹം കോഴിക്കാല്‍ കടിച്ചുപറിക്കുന്ന ഒരു സീനുണ്ട് ചിത്രത്തില്‍. ഇവിടെ വലിയ ടിഫിന്‍ ബോക്‌സിനെയും കോഴിക്കാലിനെയും പ്രതീകവത്കരിച്ചതിലൂടെ, മുസ്‌ലിം സമൂഹത്തെക്കുറിച്ചുള്ള സംവിധായകന്റെ വംശീയ മുന്‍വിധി നന്നായി പ്രകടമാകുന്നുണ്ട്. ഇതേ സംവിധായകന്റെ തന്നെ 'കഥ പറയുമ്പോള്‍' എന്ന ചിത്രത്തില്‍ അര്‍ധ പട്ടിണിക്കാരനായ ബാര്‍ബര്‍ ബാലന്റെ അയല്‍വാസികളായ ഗള്‍ഫ് കുടുംബത്തെ ചിത്രീകരിക്കുന്നത് ഇതിനോട് കൂട്ടിവായിക്കുക. ബാലന്‍ സൂപ്പര്‍ സ്റ്റാറിന്റെ സുഹൃത്താണെന്നറിഞ്ഞതോടുകൂടി, ആടിന്റെ കരള്‍ പൊരിച്ചതും ബിരിയാണിയുമായി ബന്ധം പുതുക്കാന്‍ വരുന്നത് ശ്രദ്ധിക്കുക. മലയാള സിനിമയില്‍ മുസ്‌ലിമെന്നത് ലൈംഗികാസക്തനും തീറ്റ പ്രിയനുമാണ്. 'ഗദ്ദാമ'യില്‍ നമസ്‌കാരം കഴിഞ്ഞ ഉടനെ കാവ്യ അവതരിപ്പിച്ച അശ്വതിയെ ബലാത്സംഗം ചെയ്യാനൊരുങ്ങുന്നവരായി അറബികളെ ചിത്രീകരിക്കുന്നതെല്ലാം ഇത്തരം വംശീയ മുന്‍വിധികളുടെ പ്രതിഫലനങ്ങളാണ്.
ഒന്നുകില്‍ വില്ലന്‍ അല്ലെങ്കില്‍ കോമാളി, അതുമല്ലെങ്കില്‍ സവര്‍ണ സംസ്‌കാരത്തോട് വിധേയത്വം പുലര്‍ത്തുന്ന ഹിസ്‌ഹൈനസ് അബ്ദുല്ലമാരോ വ്യക്തിത്വമില്ലാത്ത, നായകന്റെ നിഴലായിട്ടുള്ള കഥാപാത്രങ്ങളോ ആണ് മലയാള സിനിമയിലെ മുസ്‌ലിം.
അറബി അധ്യാപകരെ കോമാളികളായി ചിത്രീകരിക്കുന്ന സിനിമാ സംസ്‌കാരം മലയാള സിനിമയില്‍ മുമ്പേയുണ്ട്. 'ദൂരെ ദൂരെ ഒരു കൂടുകൂട്ടാം' എന്ന ചിത്രത്തില്‍ മാമുക്കോയ ചെയ്ത കഥാപാത്രം ഇതിനോട് ചേര്‍ത്തുവായിക്കുക. മാമുക്കോയ എന്ന ഹാസ്യനടന്റെ തിരശ്ശീലയിലെ വിവിധ കോമാളി വേഷങ്ങള്‍ കൃത്യമായി നിരൂപണം ചെയ്താല്‍ മിക്ക വേഷങ്ങളിലും പെണ്ണുകെട്ടും ഭക്ഷണത്തോടുള്ള ആസക്തിയും ചേരുവ ചേര്‍ക്കപ്പെട്ടതായി കാണാം. സുരേഷ് ഗോപി ചിത്രങ്ങളിലും വില്ലന്‍ വേഷങ്ങളിലെ മുസ്‌ലിം കഥാപാത്രങ്ങള്‍ക്കും മൂന്നോ നാലോ പെണ്ണ് കാണപ്പെടാം.
മുസ്‌ലിം സമുദായത്തിലെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് വളരെയേറെ നേതൃപരമായ പങ്കുവഹിക്കുന്ന വിഭാഗമാണ് അധ്യാപകര്‍. ഇത്തരക്കാരെ പിന്തിരിപ്പന്മാരും മറ്റുമായി ചിത്രീകരിക്കുന്ന സമീപനം തീര്‍ച്ചയായും വിഷലിപ്തമായ മനസ്സിന്റെ ഉല്‍പന്നം തന്നെയാണ്. മാണിക്യകല്ലിലെ അവസാന ഭാഗത്തെ ഒരു രംഗം ഇങ്ങനെ: മൂന്നു ഭാര്യമാരും ഒരു ലോഡ് കുട്ടികളുമായി വരുന്ന ഈ അധ്യാപകനോട് 'സ്‌കൂളിന്റെ വിദ്യാര്‍ഥിക്ഷാമം കുറഞ്ഞുകിട്ടും' എന്ന് സഹാധ്യാപകന്റെ കമന്റ്. 'ഹം പാഞ്ച് ഹമാരാ പച്ചീസ്' എന്ന പരിഹാസത്തിന്റെ മോഡിയന്‍ രീതിശാസ്ത്രം പച്ചക്ക് വിളിച്ചു പറയുന്നുണ്ട് ഈ സിനിമ. മുസ്‌ലിം ജനസംഖ്യാ വളര്‍ച്ചയെക്കുറിച്ച് ഭീതിജനകമായ കഥകള്‍ പുറത്തുവിടുക എന്നത് ഇന്ത്യയിലെ സംഘ്പരിവാര്‍ ഫാഷിസ്റ്റുകളുടെ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണ്. എന്നാല്‍, ഇതേ സവര്‍ണ ഫാഷിസ്റ്റ് യുക്തികള്‍ കേരളീയ പൊതുബോധത്തിന് സ്വീകാര്യമാവുന്നു എന്നത് നമ്മള്‍ കൊട്ടിഘോഷിക്കുന്ന മതേതരത്വം എന്നത് എന്തുമാത്രം സവര്‍ണോന്മുഖമാണ് എന്നതിന്റെ തെളിവാണ്. എം. അബ്ദുല്‍ കബീര്‍
കോഴിക്കോട് ഗവ. ലോ കോളേജ് THANKS®ARDS
ABDULGAFOOR MK
No comments:
Post a Comment