Friday, 24 June 2011

[www.keralites.net] ആകാശത്തെ മാണിക്യക്കല്ലുകള്‍

 

വിദ്യാഭ്യാസം സ്‌നേഹമയമാകണമെന്നുപറയുന്ന മാണിക്യക്കല്ല് എന്ന ചലചിത്രത്തില്‍ നിന്നാരംഭിച്ച് സംസ്ഥാനത്തെ പുതിയ പത്താംതരം പാഠ്യവസ്തു പരിഷ്‌കരണത്തിലേക്കൊരു യാത്ര.


ആകാശത്തെ മാണിക്യക്കല്ലുകള്‍

-കെ.ടി. ഹസന്‍

എം.മോഹനന്റെ കഥ പറയുമ്പോള്‍ എന്ന പടം ഞാന്‍ കണ്ടിട്ടുണ്ട്. ഒരു പൈങ്കിളി സെന്റി എന്ന് എന്നിലെ ആസ്വാദകന്‍ അതിനെക്കുറിച്ച് വിധിയെഴുതിയപ്പോഴും ആഖ്യാനത്തിലെ ലാളിത്യത്തിന്റെ മികവ് ഞാന്‍ ശ്രദ്ധിച്ചതാണ്. അതിനപ്പുറം, വിദ്യാഭ്യാസവിഷയകമായ ഓരോ തരി ആശയവിനിമയത്തിലുമുള്ള അതീവതാല്‍പര്യവും നിമിത്തം, മോഹനന്‍ വിദ്യാഭ്യാസം പ്രമേയമാക്കി പുതിയ പടം ചെയ്യുന്നു എന്നറിഞ്ഞപ്പോള്‍ കാത്തിരുന്നു. നിരാശനാക്കിയില്ല മോഹനന്‍. നന്മയുടെ ഒരു തന്തു ഉടനീളുമുണ്ട്. പേരിന്‍പടി മാണിക്യക്കല്ലാണത്. അവിടവിടെ ചതഞ്ഞതെങ്കിലും ഒളിമിന്നുന്നൊരു മാണിക്യം. വിദ്യാഭ്യാസത്തിന്റെ വഴി സ്‌നേഹത്തിന്റേതാണെന്നു പടം സ്ഥാപിക്കുന്നു.Fun & Info @ Keralites.net

ഉള്‍നാടന്‍ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍, പഴയ ഐശ്വര്യം ഓര്‍മയാക്കി, തുടര്‍ച്ചയായി മുഴുത്തോല്‍വി. അധ്യാപകര്‍ക്ക് സൈഡ് ബിസിനസാണ് അധ്യാപനം.ഹെഡ്മാസ്റ്ററുടെ ഭര്‍ത്രിയുടെ പേരിലുള്ള ഡിപ്പോയിലെ വളം അധികസ്റ്റോക്കു വയ്ക്കാന്‍ സ്‌കൂള്‍പോലെ സൗകര്യപ്രദമായ ഇടം വേറെയില്ല. ഇതിനിടയില്‍ കുട്ടികള്‍ ഗുരുത്വം കെട്ടില്ലെങ്കിലേ അദ്ഭുതമുള്ളൂ.

സ്‌കൂളിലേയ്ക്ക് പൃഥ്വിരാജിന്റെ പക്വമായ നടനഗുരുത്വത്തില്‍ വിനയചന്ദ്രന്‍ മാഷ് എത്തുന്നതും പുള്ളാരെയും നാട്ടാരെയും മാഷമ്മാരെത്തന്നെയും തന്റെ നിരന്തരശ്രമങ്ങളിലൂടെ പരിവര്‍ത്തിപ്പിച്ച് സ്‌കൂളിന് സമ്പൂര്‍ണ വിജയം സാധ്യമാക്കുന്നതുമാണ് കഥാഗതി. കഥ പറയുമ്പോളിലെന്നതുപോലെ പ്രസംഗകലയുടെ വൈകാരിക സാധ്യതകള്‍ ശക്തമായി പ്രയോജനപ്പെടുത്തുന്നുണ്ടിവിടെയും ചലചിത്രകാരന്‍. അതും പലതവണ. അധ്യാപകനെ നാട് ആരാധ്യനായി ഏറ്റെടുക്കുന്നതടക്കം ചില രംഗങ്ങളില്‍ ആമിര്‍ഖാന്റെ താരേ സമീം പര്‍ സ്മരണകള്‍ തിമര്‍ത്തുവരുന്നത് യാദൃച്ഛികതയ്ക്കു വിടുക. എങ്കിലും മോഹനാ, മോഹനമായില്ലെല്ലാര്‍ക്കും സര്‍വത്തിലും എ പ്ലസ് ചാര്‍ത്തിക്കൊടുക്കുന്ന ലളിതവല്‍ക്കരണം. പുതിയ വിദ്യാഭ്യാസപരിഷ്‌കാരങ്ങള്‍ ഉദാരമാണെന്നുവച്ച് അത്രയ്ക്കങ്ങട് പരിഹസിക്കാവതല്ല.

പരിഷ്‌കരണം എവിടം വരെയായി

Fun & Info @ Keralites.netസ്‌നേഹത്തിന്റെ ഭാഷയിലാവണം അധ്യയനം എന്നതാണല്ലോ മാണിക്യക്കല്ലിന്റെ സന്ദേശം. അത്തരമൊരാശയത്തിനു സാധുതയും സാധ്യതയും നല്കുന്ന പാഠ്യപദ്ധതിയും (കരിക്കുലം) പാഠ്യവസ്തുവും (സിലബസ്) അനുകൂല അന്തരീക്ഷഘടകങ്ങളില്‍ പ്രധാനമാണ്. ഇവ്വിധം തൊണ്ണൂറുകളില്‍ കേരളത്തില്‍ ആരംഭിച്ച തിരുത്തല്‍ശ്രമങ്ങളുടെ ഭാഗമായി ഓടിയും കിതച്ചും 2004 – 05 വര്‍ഷത്തില്‍ അത് പത്താംതരം വരെയെത്തി. ഗ്രേഡിംഗ് എന്ന നൂതന മൂല്യനിര്‍ണയം നടാടെ കേരളം പരിചയിച്ചു. പാഠ്യപദ്ധതിയും വിദ്യാലയാന്തരീക്ഷവും പരമാവധി വിദ്യാര്‍ഥിസൗഹൃദപരവും അധ്യാപകന്‍ വിദ്യാര്‍ഥികളുടെ സഹായകോപകരണവും ആകുമെന്നു നിഷ്‌കര്‍ഷിക്കപ്പെട്ടു.

2003-04 വര്‍ഷത്തില്‍ പത്തിലെത്തേണ്ടിയിരുന്ന പുതിയ പാഠ്യപദ്ധതി 2000-01 വര്‍ഷത്തില്‍ ഏഴാംതരം കഴിഞ്ഞ് ഒരു വര്‍ഷം കാലൊടിഞ്ഞു കിടപ്പിലായതിനാല്‍ എട്ടില്‍ ചേരാന്‍ വൈകുകയായിരുന്നു. 2004-05ലെ പത്തില്‍ പാഠ്യവിഷയമായി വിവരസാങ്കേതികവിദ്യ പുതുതായി കടന്നുകൂടുകയും ഭാഷാ ഉപപാഠപുസ്തകങ്ങളൊഴികെ പുതുക്കപ്പെടുകയും ചെയ്തു. കാര്യമായ ആലോചനകളും രൂപരേഖയുമില്ലാതെ ഝടുതിയില്‍ മാറ്റത്തിനുള്ള മാറ്റം മാത്രമായിരുന്നു അതെന്നതിനു പഴയമട്ടില്‍ അഭ്യാസങ്ങള്‍ ചേര്‍ത്തിരുന്ന ഉപപാഠപുസ്തകങ്ങള്‍ ഒഴിവാക്കാത്തതുതന്നെ തെളിവ്. വിഭവശോഷണം കൂടാതെ പാഠ്യപദ്ധതിയുടെ സാര്‍വികവിജയം എന്ന ലക്ഷ്യം എങ്ങനെ സാധ്യമാകുമെന്ന പ്രതിസന്ധിയിലായിരുന്നു പുസ്തക രചയിതാക്കള്‍. കൂട്ടത്തോല്‍വി നേരിട്ടുകൊണ്ടിരുന്ന ഗണിതത്തില്‍ ആകെയുള്ള പത്തധ്യായങ്ങളില്‍ ഒന്ന്, മുന്‍പു പഠിച്ചതും ഗണിതപഠനത്തിന്റെ ലക്ഷ്യം സാധൂകരിക്കാത്തതുമായ മാധ്യം എന്ന ഒറ്റ ആശയത്തിന്റെ ആവര്‍ത്തനത്തിനുവേണ്ടി മാറ്റിവച്ചിരുന്നത് ഒരുദാഹരണം. മിക്ക വിഷയങ്ങളിലും എഡിറ്റിംഗിന്റെ പോരായ്മകളും അച്ചടിപ്പിശകുകളും മുഴച്ചുനിന്നു.

അന്നുരംഗത്തുവന്ന വിവരസാങ്കേതികവിദ്യയുടെ പുസ്തകത്തിനു മൈക്രോസോഫ്റ്റിന്റെ മൂന്നാന്‍ വേഷം മാത്രമാണുള്ളതെന്ന ശക്തമായ ആക്ഷേപത്തെത്തുടര്‍ന്ന് ആ വിഷയം ഉടന്‍ തന്നെ പരിഷ്‌കരണത്തിനു വിധേയമായി. മറ്റുള്ള വിഷയങ്ങളാകട്ടെ ഈ അധ്യയനവര്‍ഷം തൊട്ടു പുതിയപുസ്തകങ്ങളില്‍ എഴുന്നള്ളുന്നു.

ഇപ്പോള്‍ പാഠ്യവസ്തുമാത്രമാണ് മാറുന്നത്. പാഠ്യപദ്ധതി അഥവാ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ചട്ടക്കൂട് കഴിഞ്ഞ പരിഷ്‌കരണത്തില്‍ ആവിഷ്‌കരിക്കപ്പെട്ട അതേപടി നിലനില്ക്കുന്നു. അതിലുള്‍പ്പെട്ട സകല പുരോഗമനപരമായ പ്രവണതകളെയും സര്‍വവിധേനയും സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നതോടൊപ്പം പറയട്ടെ, മൂല്യനിര്‍ണയത്തിനു ഗ്രേഡിംഗ് സങ്കേതം നടപ്പാക്കിയതില്‍ ശിശുദ്രോഹമേ എനിക്ക് വെളിപ്പെടുന്നുള്ളൂ. റാങ്കിനുവേണ്ടിയുള്ള സമ്മര്‍ദം ഒഴിവാക്കാനാണത്രെ ഗ്രേഡിംഗ്. ആ സമ്മര്‍ദം അതിനിപുണരായ ചുരുക്കം ചിലര്‍ക്കു മാത്രമാണെങ്കില്‍ വളരെയേറെ കുട്ടികളാണ് ഇപ്പോള്‍ മുഴുവന്‍ എ പ്ലസിനുവേണ്ടിയുള്ള ബലതന്ത്രത്തില്‍ പെടുന്നത്. നേരത്തെ മൊത്തം മാര്‍ക്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുമ്പോള്‍ ഒറ്റപ്പെട്ട വിഷയങ്ങളില്‍ പിന്നോക്കമായാലും കുട്ടികള്‍ അത്രകണ്ട് അപമാനിതരായിരുന്നില്ല. ഇപ്പോള്‍ ഓരോ വിഷയത്തിലെയും ഗ്രേഡുകള്‍ പരസ്യമാകുന്നതുകൊണ്ട് വല്ലാത്ത പ്രയാസമാണ് ചില കുട്ടികള്‍ അഭിമുഖീകരിക്കുന്നത്. ഗണിതത്തിനോ സാമൂഹികശാസ്ത്രത്തിനോ നൂറില്‍ എണ്‍പത്തെട്ടു കിട്ടുന്ന കുട്ടികളെ രണ്ടു സമ്പ്രദായത്തിലും താരതമ്യം ചെയ്തുനോക്കുക. കിട്ടിയ എണ്‍പത്തെട്ടിന്റെ മുഴുവന്‍ ഫലവും പഴയതില്‍ കുട്ടി അനുഭവിക്കുന്നുണ്ട്. പുതിയതിലാകട്ടെ എണ്‍പത്തൊന്‍പതായിരുന്നെങ്കില്‍ ഒരു സ്‌കോര്‍ ഓശാരമായി ലഭിച്ച് ഗ്രേഡ്, എ യില്‍ നിന്നു എ പ്ലസ് ആയേനെ എന്ന വേദനയുടെ സംഘര്‍ഷം. എണ്‍പതിനോട് എട്ട് സ്‌കോര്‍ അല്ലെങ്കില്‍ കൃത്യമായിപ്പറഞ്ഞാല്‍ എഴുപത്തൊന്‍പതിനോടു ഒന്‍പത് സ്‌കോര്‍ കൂടുതലായി എടുത്തതിന്റെ യാതൊരു പ്രയോജനവും കുട്ടി നേടുന്നില്ല. മറ്റൊരു കാര്യം, യഥാര്‍ഥ സ്‌കോര്‍ മറച്ചുവയ്ക്കാനുദ്ദേശിച്ചു ഗ്രേഡിംഗ് നടപ്പാക്കിയിട്ടും, കുട്ടി അന്യസംസ്ഥാനത്തോ അന്യസമ്പ്രദായത്തിലോ തുടര്‍പഠനം കാംക്ഷിക്കുന്നപക്ഷം സാങ്കേതിക സങ്കീര്‍ണതകള്‍ കടന്നു സ്‌കോര്‍ വിവരം തരപ്പെടുത്തേണ്ടിയും വരുന്നു.

ഇപ്പറഞ്ഞതില്‍ നിന്നു പഴയ സമ്പ്രദായത്തിന്റെ വക്താവാണ് ലേഖകന്‍ എന്നു ധാരണ വരരുത്. പഠന ഘട്ടത്തിനിടയ്ക്ക് ബോധനഭ്രംശത്തിലെ പരിഹാരത്തിനും ഗുണമേന്മാപുഷ്ടീകരണത്തിനുമായുള്ള ആന്തരികപരിശോധനകളും ശരിയായ അര്‍ഥത്തിലുള്ള നിരന്തരമൂല്യനിര്‍ണയവും അഭിലഷണീയമാണെന്നും പ്രത്യേകപദ്ധതിയിലെ പഠനം പൂര്‍ത്തിയാകുന്നതോടെ നടത്തുന്ന എഴുത്തുപരീക്ഷയ്ക്കു പ്രാമുഖ്യം കൊടുത്തു കൊണ്ടുള്ള വിലയിരുത്തല്‍ രീതി ബഹുമുഖ ബൗദ്ധികശേഷികളുടെ മാനകമേയല്ലെന്നുമുള്ള നിശ്ചയമാണെന്റെ എളിയ കൈമുതല്‍. പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ അതിനുള്ള സാക്ഷ്യപത്രം മതിയാകും. ഒരിടത്തേയ്ക്ക് ഒരാള്‍ സ്വീകാര്യനാണോ എന്നത് പ്രവേശനവേളയില്‍ വിവിധ തുറക്കാരുടെ ശേഷിപരിശോധനയിലൂടെ യാന്ത്രികമായി അനാവൃതമാകുന്നു. പ്രവേശന പരീക്ഷകളല്ല, പാഠ്യവേളാനന്തര പരീക്ഷകളാണ് റദ്ദു ചെയ്യേണ്ടത്. വിദ്യാര്‍ഥിപക്ഷം നില്ക്കാനാണ് ഗ്രേഡിംഗ് വരുത്തിയതെന്ന വാദം യഥാര്‍ഥമാണെങ്കില്‍ വേണ്ടത് അതാണ്. കുട്ടികളെ തരം തിരിക്കാതിരിക്കുക. ജീവിതത്തോടു മല്‍സരിക്കാന്‍ പഠിതാവിനെ സജ്ജമാക്കലാകണം വിദ്യാഭ്യാസം. നിലനില്പിനുവേണ്ടിയുള്ള പോരാട്ടത്തില്‍ അതിജീവനത്തിനു അര്‍ഹത നല്കുന്ന ശേഷികള്‍ വികസിപ്പിച്ചുനല്കുക.

പ്രാഥമികതലം കഴിഞ്ഞു രണ്ടാംഘട്ടവിദ്യാലയാവസ്ഥയിലെങ്കിലും ധാരാളം ഐച്ഛികവിഷയങ്ങളില്‍ നിന്ന് ഏതാനും/നിശ്ചിത എണ്ണം സ്വഭീഷ്ടാനുസാരം കുട്ടികള്‍ക്ക് തിരഞ്ഞെടുക്കാന്‍ അവസരമൊരുങ്ങണം. ഓരോ മേഖലയില്‍നിന്നും സാമൂഹികവും വൈയക്തികവുമായ ജീവിതത്തിനനിവാര്യമായ അടിസ്ഥാനഭാഗങ്ങള്‍ മാത്രം പൊതുവായി പഠിപ്പിക്കുക. ഓരോ വിദ്യാര്‍ഥിക്കും തന്റെ അഭിരുചിക്കും ശേഷികള്‍ക്കും ഇണങ്ങുംവിധം ആഴത്തില്‍ പരിശീലിക്കാന്‍ താത്ത്വികമോ പ്രായോഗികമോ കലാപരമോ ആയ അധികവിഷയങ്ങള്‍ നിരന്നുനില്ക്കണം. ഊര്‍ജതന്ത്രവും ശാസ്ത്രീയ നൃത്തവും തിരഞ്ഞെടുക്കാന്‍ ഉല്‍സുകനായ കുട്ടിയോട് മത്തിയും ഹല്‍വയും പോലെ, ഇത്തരം കൂട്ടുകള്‍ അനുവദനീയമല്ല എന്നൊന്നും തളര്‍ത്തരുത്.

കേരളത്തിന്റെ നിലവിലെ അവസ്ഥയിലേക്ക് നമുക്ക് തിരിച്ചുവരിക. ഗണിതം, ആംഗലേയം എന്നിവയിലെ കൂട്ടത്തോല്‍വിയായിരുന്നു പാഠ്യപദ്ധതി മാറുന്നതിനു മുമ്പുള്ള പ്രധാനപ്രശ്‌നം. അതുകൊണ്ട് കഴിഞ്ഞ പാഠ്യവസ്തു നിര്‍മാണത്തില്‍ ഗണിതം വളരെ ലഘൂകരിക്കാന്‍ ശ്രമിച്ച കാര്യം മുന്‍പ് ചൂണ്ടിക്കാട്ടി. നിരന്തരമൂല്യനിര്‍ണയമെന്ന പുകമറയില്‍ ഉന്നത പഠനത്തിനര്‍ഹതനേടാന്‍ വേണ്ടതിനോടടുത്ത സ്‌കോര്‍ പതിച്ചുനല്കി പരീക്ഷാഫലം മെച്ചപ്പെടുത്തിയെടുത്തെങ്കിലും, നമ്മുടെ സാഹചര്യങ്ങളും നിര്‍വഹണത്തിലെ കാര്യക്ഷമതാദാരിദ്ര്യവും മൂലം പാഠ്യപദ്ധതിയുടെ സമ്പുഷ്ടഫലങ്ങള്‍ ആസൂത്രണം ചെയ്യപ്പെട്ടതുപോലെ കുട്ടികളിലെത്തിയിട്ടില്ല. അതിനുള്ള പോംവഴികൂടിയാണ് ഓരോ വിഷയവും രണ്ട് ഭാഗങ്ങളാക്കുകയെന്നത്. ഒന്ന് ലളിതം, അനൈച്ഛികം, നിര്‍ബന്ധിതം. മറ്റേത് അഗാധം, ഐച്ഛികം, തിരഞ്ഞെടുപ്പവസരം. അങ്ങനെവരുമ്പോള്‍ താങ്ങാത്ത തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുകയും വേണ്ട, കല്ലുംമുള്ളും അരിച്ചുപെറുക്കേണ്ടവര്‍ക്ക് അതിനു സൗകര്യവുമാകും. അഥവാ ഭാവിയില്‍ അവര്‍ക്ക് ആ വിഷയത്തില്‍ ഉന്നത പഠനം നടത്താനാവശ്യമായ നല്ല പശ്ചാത്തലം രൂപപ്പെടും.

പുതിയ പുസ്തകങ്ങള്‍

Fun & Info @ Keralites.netഭാഷേതര വിഷയങ്ങള്‍ ബഹുവര്‍ണ അച്ചടിയില്‍ കെങ്കേമമായ ദൃശ്യവിരുന്നൊരുക്കുന്നു. ചിത്രങ്ങളിലും പട്ടികകളിലുമൊക്കെ അതിന്റെ സാധ്യതകള്‍ നന്നായി പ്രയോജനപ്പെടുത്തുന്നുമുണ്ട്. ഊര്‍ജതന്ത്രക്കാര്‍ വലിയ മടിയന്മാരാണെന്നു തോന്നുന്നു. പഴയ പുസ്തകത്തിലെ കുറേ ചിത്രങ്ങള്‍ നേരിട്ടു പകര്‍ത്തിവച്ചിരിക്കുകയാണ്. ഊര്‍ജതന്ത്രത്തിനു പഴയതുപോലെ ഒറ്റയ്ക്കായൊരു പുസ്തകമില്ല. ശാസ്ത്രം ഭാഗം ഒന്നില്‍ ആദ്യനാലധ്യായം രസതന്ത്രം, ശേഷിച്ച നാല് ഊര്‍ജതന്ത്രം. ഭാഗം രണ്ടില്‍ ആദ്യനാല് ഊര്‍ജതന്ത്രം, ശേഷിച്ച നാല് രസതന്ത്രം. ഭാഗം മൂന്നില്‍ എട്ടധ്യായങ്ങളുമായി ജീവശാസ്ത്രം.

ഉള്ളടക്കമേഖലകളില്‍ എന്‍.സി.ഇ.ആര്‍.ടിയെ പൂര്‍ണമായും അനുകരിക്കാനുള്ള ശ്രമമാണ് ഏതാണ്ടെല്ലാ ഭാഷേതര വിഷയങ്ങളിലും. ഊര്‍ജതന്ത്രത്തില്‍ കഴിഞ്ഞ പുസ്തകത്തെ അപേക്ഷിച്ച് പ്രധാനമാറ്റം ശബ്ദം ഒന്‍പതു ജയിച്ച് പത്തിലേക്ക് വന്നു എന്നതാണ്. റേഡിയോ ആക്ടിവിറ്റി താഴോട്ടു പോയി. വന്ന ശബ്ദം ബഹളമയമാണെങ്കിലും ഇലക്‌ട്രോണിക്‌സ്, അര്‍ധചാലകങ്ങളുടെ ഹോള്‍ – ഇലക്‌ട്രോണ്‍ വിശദീകരണങ്ങള്‍ ഒഴിഞ്ഞ് മൊട്ടയടിച്ചതുപോലുണ്ട്. ശാസ്ത്രഭയമുള്ള കുട്ടികള്‍ക്ക് അത്രയും നന്ന്. ദര്‍പ്പണം മടക്കിവച്ച് പ്രകാശത്തിന്റെ ഗുണങ്ങള്‍ പത്തിലേക്ക് വീണ്ടുമെത്തി. വൈദ്യുതകാന്തികബലങ്ങളെക്കുറിച്ചു പഠിപ്പിക്കുമ്പോള്‍ ഊര്‍ജതന്ത്രത്തില്‍ ഉന്നത പഠനം ആഗ്രഹിക്കുന്നവര്‍ക്ക് മാത്രം ആവശ്യമുള്ള ഫ്‌ളെമിങ്ങിന്റെ ദിശാ നിയമമൊക്കെ തിരുകിക്കയറ്റുന്നതെന്തിന്?

ജീവസുറ്റ ചിത്രരചനയ്ക്കും പ്രയോഗബദ്ധമായ വിവരണത്തിനും കൈയടി അര്‍ഹിക്കുന്നു രസതന്ത്രഭാഗം. കഴിഞ്ഞ പുസ്തകത്തില്‍ പത്തധ്യായങ്ങളില്‍ വന്ന പാഠഭാഗം അധികം ചോര്‍ന്നുപോകാതെ എട്ടധ്യായങ്ങളിലേക്ക് ഒതുക്കിവച്ചിരിക്കുന്നു. ഇലക്‌ട്രോകെമിക്കല്‍ സീരിസില്‍ ലോഹങ്ങള്‍ മാത്രം പെടുത്തിയത് പത്താം ക്ലാസ് കുട്ടികളെ സംബന്ധിച്ചേടത്തോളം ഏറ്റവും ഉചിതമായി. ഒരാശയം അതിന്റെ അസ്തിത്വം ചോരാതെയും എന്നാല്‍ ഗ്രാഹ്യമായും അവതരിപ്പിക്കുന്നതിന്റെ മികച്ച ഉദാഹരണമാണ് ഇത്. നല്ലൊരു ഉടച്ചുവാര്‍ക്കലിനു വിധേയമായി ജീവശാസ്ത്രം. ജനിതകവും വൃക്കയും ഒന്‍പതില്‍ നിന്നു പത്തില്‍ വന്ന് ജീവശാസ്ത്രത്തിന്റെ എന്‍.സി.ഇ.ആര്‍.ടിത്വം സൂക്ഷിച്ചു. രസതന്ത്രം എന്‍ഡോസള്‍ഫാനോളവും ജീവശാസ്ത്രം ബി.ടി. വഴുതനയോളവും പുതിയ കാലത്തെ സ്പര്‍ശിച്ചു.

ബഹുവര്‍ണത്തെ ആഘോഷിക്കുകയായിരുന്നു സാമൂഹിക ശാസ്ത്രം. അപ്പാടെ വര്‍ണമയം. വര്‍ണധാരാളിത്തത്തിന്റെ പ്രത്യേകതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ടും കാലബോധം ഉറയ്ക്കും വിധത്തിലും സന്ദര്‍ഭോചിതമായ ഭൂപടങ്ങളാണ് സാമൂഹികശാസ്ത്രത്തിന്റെ എടുത്തുപറയേണ്ട സവിശേഷത. എന്‍.സി.ഇ.ആര്‍.ടി. ചുവടു പിടിച്ചാണ് പാഠഭാഗങ്ങളുടെ അവിടവിടെയുള്ള കൂട്ടിച്ചേര്‍ക്കല്‍. ആമുഖത്തിലെ സൂചനയ്ക്ക് വിരുദ്ധമായി കൂടുതല്‍ വിവരണാത്മകമായോ എന്നും സംശയിക്കണം.

കണക്ക്. രേഖീയസംഖ്യകള്‍ പുറത്തുപോയി. നിര്‍ദേശാങ്കജ്യാമിതിയുമായി ബന്ധപ്പെട്ട സൂചകസംഖ്യകള്‍ എന്ന പുതിയൊരധ്യായം പകരം. കഴിഞ്ഞ ഗണിതപുസ്തകത്തില്‍ ലളിതവല്‍ക്കരണത്തിനിടയില്‍ സ്തുത്യര്‍ഹമായ ഒരുവസ്തുതയാണ് – ഗണിതമെന്നാല്‍ സൂത്രവാക്യങ്ങളുടെ മനഃപാഠവും യാന്ത്രികമായ ഉപയോഗവും എന്ന കെട്ടബോധത്തെ പൊളിച്ച് ആശയരൂപീകരണം, യുക്തിബോധം എന്നിവയില്‍ അതിനെ അടിസ്ഥാനപ്പെടുത്താന്‍ പ്രയത്‌നിച്ചുവെന്നത്. ഈ സന്ദേശം നിര്‍വഹണതലത്തില്‍ വേണ്ടത്ര പ്രതിഫലിച്ചില്ലെങ്കിലും പുതിയ പുസ്തകത്തില്‍ പഴയതിലധികം കണക്കിനെ സൗന്ദര്യവല്‍ക്കരിക്കുന്നുണ്ട്. ലളിതപദങ്ങള്‍കൊണ്ടും കുട്ടികളിലേക്കടുക്കാന്‍ വഴിതേടുന്നു – രണ്ടാംകൃതിസമവാക്യം, ബഹുപദം, സൂചകസംഖ്യകള്‍ എന്നിവ ഉദാഹരണം. സ്പര്‍ശരേഖയെ തൊടുവരയാക്കിയതെന്തിനാകും? വിഷയത്തെ പരമാവധിപേര്‍ക്ക് സ്വീകാര്യമാക്കുന്നതുപോലെത്തന്നെ ഊന്നല്‍വേണ്ടതുണ്ട് അതിനെ അനുരാഗബദ്ധമായി സമീപിക്കുന്നവര്‍ക്ക് വേണ്ടുവോളം സാധ്യതകള്‍ തുറന്നിടുക എന്നതും. ത്രികോണമിതിയില്‍ എന്‍.സി.ഇ.ആര്‍.ടിയില്‍ സമവാക്യനിര്‍ധാരണങ്ങള്‍ അതീവപ്രധാനമാണെന്നിരിക്കെ കേരളത്തിലെ കുട്ടികളില്‍ താല്‍പര്യമുള്ളവര്‍ക്കെങ്കിലും പഠിക്കാന്‍ പാകത്തില്‍ നിര്‍ബന്ധമായി പഠിക്കേണ്ടതില്ലാത്ത കള്ളിയിലെങ്കിലും അതു പെടുത്താമായിരുന്നു. കൂടുതല്‍ കുട്ടികളെ കണക്ക് കടത്തിക്കാനുള്ള സദുദ്ദ്യേശപരമായ വ്യഗ്രതയില്‍ ഇത്തവണ സത്യത്തില്‍ കണക്കിന്റെ ആശയപരിധിയില്‍ വരാത്ത സാംഖ്യികത്തില്‍ (സ്റ്റാറ്റിറ്റിക്‌സ്) നിന്ന്, നേരിട്ടുള്ള രീതിയില്‍ മാധ്യം, മധ്യമം (മീന്‍, മീഡിയന്‍) കൂടാതെ സാധ്യത (പ്രോബബിലിറ്റി) എന്നിവ കടന്നുവരുന്നു. കുട്ടികള്‍ ജയിക്കട്ടെ. എന്നാല്‍ ശുദ്ധഗണിതത്തിന്റെ ഭാഗവും കാര്യകാരണബോധത്തിലധിഷ്ഠിതവുമായ ബൂലിയന്‍ ആല്‍ജിബ്രയുടെ അടിസ്ഥാനതത്ത്വങ്ങള്‍ പാഠ്യവസ്തുവാക്കുന്നത് പിന്നീട് ഏതു ഭാഗത്തേയ്ക്കു തിരിയുന്നവര്‍ക്കും പ്രയോജനക്ഷമം തന്നെ. കലനത്തിന്റെ (കാല്‍ക്കുലസ്) പ്രവേശികയായ പരിധികള്‍ (ലിമിറ്റ്‌സ്) എന്ന ആശയവും രസകരമായി പരിചയപ്പെടുത്താമായിരുന്നു. സാമ്പത്തികശാസ്ത്രത്തിലടക്കം കലനം സഹായകമാകാറുണ്ടല്ലോ.

ഗണിതത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ അതിശയിപ്പിക്കുന്നത് കഴിഞ്ഞ പാഠപുസ്തകം മുതല്‍, അതിനു മുമ്പുള്ള കണക്കുപുസ്തകങ്ങളില്‍ സര്‍വഗണിതീയാശയങ്ങളെയും ആവാഹിച്ചു നിന്നിരുന്ന ഗണസിദ്ധാന്തം (സെറ്റ് തിയറി) അമ്പേ ചവിട്ടിപ്പുറത്തായി എന്നതാണ്. രണ്ടു കൂട്ടര്‍ ചെയ്തതും തെറ്റാണെന്നേ പറയാനൊക്കൂ. ഒരു കൂട്ടര്‍ ഗണിതത്തെയപ്പാടെ ഗണത്തില്‍ മുക്കി. അപരര്‍ ആ ആശയത്തിലെ അടിസ്ഥാനപരമായ യുക്തിബോധത്തെപ്പോലും തീണ്ടാപ്പാടകലെ നിര്‍ത്തുന്നു. ഗണസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ കാന്ററിനോട് അദ്ദേഹത്തിനു ഭ്രാന്തു വന്നപ്പോള്‍ സമൂഹത്തിനു തുടങ്ങിയ കലി ഇനിയും അടങ്ങിയില്ലെന്നുണ്ടോ! പ്രതികൂലികളും അനുകൂലികളും കൂടി അദ്ദേഹത്തിന്റെ ആശയത്തെയും കൊല്ലുകയാണല്ലോ.

മധുരമലയാളം, മറ്റു ഭാഷകളും

Fun & Info @ Keralites.netമാണിക്യക്കല്ലു കണ്ടതിന്റെ പിറ്റേന്നാണ് മലയാളം പാഠപുസ്തകരചനാസമിതിയില്‍ അംഗമായ അഹമ്മത് ഷരീഫ് കുരിക്കളിനെ നാട്ടില്‍വച്ചു കാണുന്നത്. ചിത്രത്തിന്റെ സാമൂഹികധര്‍മത്തെക്കുറിച്ച്, അധ്യാപകന്‍ അത് കണ്ടിരിക്കണമെന്നതിനെക്കുറിച്ച് ഞാന്‍ സംസാരിച്ചു. തിരിച്ചെനിക്കു പുതിയ മലയാളം പാഠപുസ്തകങ്ങളുടെ അദ്ദേഹത്തിന്റെ പ്രതികള്‍ വായിക്കാന്‍ തന്നു. മറ്റു പുസ്തകങ്ങളും കാണണമെന്നു പറഞ്ഞപ്പോള്‍ ഒന്നും ഇറങ്ങിയിട്ടില്ല, നെറ്റില്‍ ലഭിക്കും എന്നുപദേശം (scert.kerala.gov.inഎന്ന ജാലികയില്‍, മുകളിലുള്ള റ്റെക്സ്റ്റ് ബുക്‌സ് കട്ട ഞെക്കിയാല്‍ മതി).

ഭാഷേതരവിഷയങ്ങളെക്കുറിച്ചു നാം ചര്‍ച്ച ചെയ്തു കഴിഞ്ഞു. ഭാഷാവിഷയങ്ങളിലേയ്ക്കു വരുമ്പോള്‍ അവ വര്‍ണശബളമല്ലാത്തതിന്റെ അനാകര്‍ഷകത്വമുണ്ട്. മോശം കടലാസില്‍, ആദ്യപ്രതികളില്‍ പെടുന്നതു കൊണ്ടോ എന്തോ പലേടത്തും തെളിയാത്ത അച്ചടി. എല്ലാ പുസ്തകങ്ങളിലും എസ്.സി.ഇ.ആര്‍.ടി നേരിട്ട് അക്ഷരവിന്യാസവും പുറം രൂപകല്പനയും ചെയ്തതിന്റെ സദ്ഗുണം പ്രത്യക്ഷത്തിലുണ്ട്. വായനാസുഖമുണ്ട്, നല്ല പ്രൂഫ് റീഡിംഗ്. പുസ്തകങ്ങളില്‍ അതാതിന്റെ പിന്നണിപ്രവര്‍ത്തകരുടെ പേരു നല്കിയതും മികച്ച കാല്‍വയ്പായി.

രൂപരേഖയില്‍ മാത്രമല്ല ഉള്ളടക്കത്തിലും എന്‍.സി.ഇ.ആര്‍.ടി.യെ പിന്തുടരേണ്ടതുകൊണ്ട് ഭാഷേതരവിഷയങ്ങള്‍ക്ക് തുറന്ന സ്വാതന്ത്ര്യമില്ലല്ലോ. എന്നാല്‍ പ്രത്യേകസാഹിത്യരചന പോലെ സര്‍ഗശേഷിയുടെ പ്രകാശനവേദിയാണ് ഭാഷാപുസ്തകങ്ങള്‍. കൂട്ടത്തില്‍ മാഷേ, സ്തുതി, ഏറ്റവും മികച്ചത് നമ്മുടെ മലയാളം തന്നെ. പാഠങ്ങളുടെ തിരഞ്ഞെടുപ്പു മാത്രമല്ല പാഠാനുബന്ധപ്രവര്‍ത്തനങ്ങളുടെ വിതരണവും കണ്ട് എന്റെ മനസ്സ് ചാടിക്കളിക്കുന്നു. കള്ളനും പൊലീസും തരം ചോദ്യം ചെയ്യലില്ല. കുട്ടികളെ അവഹേളിക്കാതെ, ആദരപൂര്‍വം, അവരുടെ ആശയരൂപീകരണക്ഷമതയെ അംഗീകരിച്ച്, കഴിവുകളുടെ പ്രകാശനത്തിനും വികാസത്തിനും, ഒപ്പം സാമൂഹീകരണത്തിനും വഴിതുറക്കുന്ന ഒറ്റക്കൈവിരലിലൊതുങ്ങുന്ന പ്രവര്‍ത്തനങ്ങളാണ് ഓരോ പാഠത്തിനും. അകൃത്രിമമായ ഇടപെടലുകളിലേയ്ക്കും ഭാഷാപ്രയോഗത്തിലേയ്ക്കും കുട്ടികളെ നയിക്കാന്‍ പ്രാപ്തമാണവ.

വ്യത്യസ്തസങ്കേതങ്ങള്‍ പുലര്‍ത്തുന്ന മികച്ച ചിത്രകാരന്മാരുടെ വിവിധരചനകള്‍ പാഠങ്ങളുടെ വേറിട്ട കോണിലുള്ള വായനയ്ക്ക് ഇടം നല്കുന്നു. നമ്പൂതിരിയുടെ വര കൊണ്ടുള്ള പൊന്നാനിയുടെ ആഖ്യാനം, ദേശപ്പെരുമ പാഠഭാഗമായി സ്ഥാനം നേടിയത് വാക്കുകള്‍ക്കതീതമായ ഭാഷയുടെ സങ്കല്പനം കുട്ടികളില്‍ പകരുന്നതായി.

മലയാളത്തിന് രണ്ടു പാഠപുസ്തകങ്ങളാണ്- അടിസ്ഥാനപാഠാവലിയും കേരളപാഠാവലിയും. കഴിഞ്ഞ ഘട്ടത്തിലെ മലയാളപുസ്തകം കുറേ പാഠങ്ങളെങ്കിലും ഹിമാലയന്‍ ഭാഷയും പ്രതിപാദ്യവും കൊണ്ട് വിരസമായിരുന്നു. മുന്‍പത്തെ കുട്ടികള്‍ ദുര്‍ഗ്രാഹ്യനായ മുണ്ടശ്ശേരി മാഷെയാണ് പരിചയിച്ചതെങ്കില്‍ ഇനി അതങ്ങനെയാകാന്‍ വഴിയില്ല. ഇക്കുറി നല്ലൊരളവോളം പാഠങ്ങള്‍, പുസ്തകങ്ങളുടെ അനുബന്ധമായി കൊടുത്തിട്ടുള്ള പദാവലിയുടെ കൂടി സഹായത്തോടെ കുട്ടികള്‍ക്ക് തനിയേ വായിക്കാവുന്നവയാണ്. വികസ്വരമായ അവതരണം. ലളിതം, വിശകലനവിസ്താരസാധ്യവും.

ചങ്ങലയില്‍ കോര്‍ത്തതു പോലുള്ള പ്രമേയങ്ങളിലൂടെയാണ് പാഠങ്ങളുടെ അവതരണം. മാതൃഭാഷ, സഹാനുഭൂതി, ദുരിതപ്രവാസം എന്നീ ആശയങ്ങളിലേയ്ക്ക് അടിസ്ഥാനപാഠാവലിയിലെ ഏകകങ്ങളെ നമുക്കു തര്‍ജമ ചെയ്യാം. വാക്കാം വര്‍ണക്കുട ചൂടി എന്ന ആദ്യ ഏകകത്തില്‍ നമ്മുടെ സ്വന്തം സാഹിത്യകാരന്മാരോടൊപ്പം കെനിയന്‍ എഴുത്തുകാരന്‍ ഗൂഗി വാ തിഓംഗോയെയും വായിക്കാം. അധിനിവേശം ചെയ്യുന്ന പൊതുഭാഷയ്ക്കു മുന്നില്‍ മാതൃഭാഷയുടെ അസ്തിത്വപ്രതിസന്ധി സാര്‍വലൗകികമാണെന്ന് പഠിതാവ് ഉള്‍ക്കൊള്ളും. അലയും മലയും കടന്നവര്‍ എന്ന മൂന്നാം ഏകകത്തില്‍ ബെന്യാമിന്റെ ആടുജീവിതത്തിലെ പത്തൊമ്പതാമധ്യായം സ്വതന്ത്രമായ ചെറുകഥ എന്ന പോലെ എടുത്തു ചേര്‍ത്തിരിക്കുന്നു. മനോഹരം.

കേരളപാഠാവലിയില്‍ അഞ്ച് ഏകകങ്ങളാണ്. കേരളീയദൃശ്യകല, സ്ത്രീശാക്തീകരണം, യുദ്ധവിരുദ്ധവിചാരം, ചെറുതെന്നു തോന്നുന്ന വലിയ നന്മകള്‍, ഭാഷയെ പോറ്റുന്ന ദേശം എന്നിങ്ങനെയുള്ള ബോധങ്ങളെ യഥാക്രമം ഉപജീവിച്ചുള്ള ഏകകങ്ങള്‍.

പ്രയോഗനൈപുണികളുറയ്ക്കല്‍ എന്ന താല്‍പര്യത്തില്‍ക്കവിഞ്ഞ് സാംസ്‌ക്കാരികമായ ഉപാംശമുണ്ടല്ലോ ഭാഷയ്ക്ക്. സാമൂഹികമായ ചെറുത്തുനില്പിന്റെ രാഷ്ട്രീയം പുസ്തകത്തിലെങ്ങും അന്തര്‍ലീനമാണ്. വി.ആര്‍. കൃഷ്ണചന്ദ്രന്‍ കേട്ടെഴുതിയ വിദൂഷകക്കൂത്തില്‍ പട്ടിണിയെ വ്യക്തമാക്കാന്‍ ബിംബമാക്കിയത് ചോറിന്റെ സ്ഥാനം അപഹരിക്കുന്ന മുരിഞ്ഞപ്പേരിയുടെ അധിനിവേശസംസ്‌ക്കാരം എന്ന സങ്കല്പമാണ്. ഭാഷ എങ്ങനെ ചൂഷണോപകരണമാവുന്നുവെന്ന ആലോചന പകരും ഭര്‍ത്രി, ഭാര്യന്‍ എന്നീ വാക്കുകള്‍ക്കു സ്ഥാനമില്ലാതെ ഭര്‍ത്താവ്, ഭാര്യ എന്നീ പദങ്ങള്‍ സ്ഥാപിച്ചെടുത്ത പുരുഷകേന്ദ്രീകൃതസാമൂഹികക്രമത്തിന്റെ അധീശത്വത്തെക്കുറിച്ച് മുണ്ടശ്ശേരി മാഷില്‍ നിന്നു വായിക്കുന്നത്. ( പാഠവായനയുടെ ആവേശത്തിലാണ് ഉപന്യാസത്തിന്റെ തുടക്കത്തില്‍ മാണിക്യക്കല്ലിലെ ഹെഡ്മാസ്റ്ററുടെ പങ്കാളിയെ ഭര്‍ത്രിയെന്നു വ്യവഹരിച്ചത്. സ്വഭാവേനയും അവരങ്ങനെയാണ്).

ഉണ്ണായിവാര്യരുടെ നളചരിതത്തിലെ ഹംസം ദമയന്തിയുടെ അടുത്തുവരുന്ന ഭാഗവും ഉള്ളൂരിന്റെ സുഖം സുഖത്തിലെ വരികളും കണ്ടപ്പോള്‍ ഇവ പഴയതിലും മുമ്പത്തെ പാഠപുസ്തകത്തില്‍ ഉണ്ടായിരുന്നതാണല്ലോ എന്നോര്‍ത്തു. രസത്തിനൊന്നു പണ്ടത്തെപ്പുസ്തകം പരതി നിര്‍ധാരണചോദ്യങ്ങള്‍ വായിച്ചു. താരതമ്യസൗകര്യത്തിനായി ഹംസവും ദമയന്തിയും നമുക്ക് ഉദാഹരിക്കാം.

പഴയ ചോദ്യങ്ങള്‍-

1. അരയന്നം പറന്നുവരുന്നതു കണ്ടപ്പോള്‍ ദമയന്തിക്ക് എന്തെല്ലാം സന്ദേഹങ്ങളാണുണ്ടായത്?

2. തന്നെ പിടിക്കാനുള്ള ദമയന്തിയുടെ ശ്രമത്തെ ഹംസം പരാജയപ്പെടുത്തിയതെങ്ങനെ?

3. ഹംസം ദമയന്തിക്കു തന്നെ പരിചയപ്പെടുത്തിയതെങ്ങനെ?

- അപ്രകാരം പോകുന്നു.

പുതിയ പുസ്തകത്തില്‍-

പൂന്തോട്ടത്തിലെ അനുഭവത്തെക്കുറിച്ചു പറയാന്‍ അംഗാരം, കര്‍ണശൂലം, സൈരിഭം (പുസ്തകാന്ത്യത്തിലെ പദാവലിയില്‍ വാക്കര്‍ഥങ്ങള്‍ നമുക്കു വായിക്കാം) തുടങ്ങിയ പദങ്ങള്‍ കവി ഉപയോഗിച്ചിരിക്കുന്നു. ഇതിന്റെ യുക്തി പരിശോധിക്കുക.

- ഇതു പോലെയാണ് പരിഷ്‌ക്കരിച്ച ആശയഗ്രഹണം. നാലു വരി നല്കി അത് മൂകാഭിനയത്തിലൂടെ ആവിഷ്‌ക്കരിക്കുക, പാഠഭാഗം നാടകരൂപത്തിലേയ്ക്കു മാറ്റി എഴുതുക എന്നൊക്കെ ശേഷം വരുന്നു. പുതിയ കുട്ടികള്‍ക്ക് ഭാഷയില്‍ ആറാട്ട്. തന്റെ ഇഷ്ടപുസ്തകം താന്‍ പഠിച്ച ഏഴാംതരം മലയാളപാഠമാണെന്ന് ചിത്രകാരന്‍ കെ. ഷെരീഫ് എഴുതിയതോര്‍ക്കുന്നു. എഴുത്തച്ഛന്‍ മുതല്‍ റഫീക്ക് അഹ്മദ് വരെ വിഭവസമൃദ്ധമായ പുതിയ പത്താം തരം മലയാളം ഒരു വിശേഷപ്പതിപ്പിന്റെ ഉന്മേഷം പകരും.

ഭാഷയും സംസ്‌ക്കാരവും നശിക്കുകയാണെന്ന ആധി കൊണ്ടാകാം പുതിയ കാലവും നാഗരികതയും പാപമാണ് എന്ന ധ്വനി പുസ്തകം ശക്തമായി പുലര്‍ത്തുന്നുണ്ട്. അസന്തുലിതമായ അതിഗൃഹാതുരതയുടെ ചുവ. മാറിയ കാലത്തെ ശുഭാപ്തിയോടെ സമീപിക്കാനുള്ള സാംസ്‌ക്കാരികാടിത്തറ നല്കലായിരുന്നു പാഠപുസ്തകത്തിന്റെ ധര്‍മം. കേരളീയമനസ്സില്‍ അടിഞ്ഞുകൂടിക്കിടക്കുന്ന പ്രതിരോധപരമായ കീഴാളബോധത്തിന്റെ പ്രതിഫലനം നമ്മുടെ പല മേഖലകളിലും പ്രശ്‌നകാരിയാകാറുണ്ട്.

ചെറുശ്ശേരി, നമ്പ്യാര്‍ തൊട്ട് എം.ടി, തകഴി, ബഷീര്‍, പൊറ്റെക്കാട്, പത്മനാഭന്‍ തുടങ്ങിയവരെയെങ്ങും പുസ്തകത്തില്‍ കാണാത്തത് സ്ഥലത്തിന്റെ പരിമിതിയും മുന്‍ക്ലാസുകളിലെ പരിചയസാധ്യതയും പരിഗണിച്ചു പൊറുക്കാം. എ. അയ്യപ്പന്‍ മരിച്ചയുടനെ അദ്ദേഹത്തിനൊരു സ്മരണാഞ്ജലി ആകാമായിരുന്നില്ലേ? ഓടിച്ചുള്ള വായനയില്‍ ഒറ്റ പ്രൂഫ് പിശകു മാത്രമാണു ശ്രദ്ധയില്‍പെട്ടത്. ഭൂമിയില്‍ തൊട്ടുനില്ക്കുമ്പോള്‍ മാത്രം ശക്തിയുള്ള ഗ്രീക്ക് കഥാപാത്രത്തെ പി. ഭാസ്‌ക്കരന്റെ കവിതയില്‍ അക്കിലിസ് എന്നു പ്രയോഗിച്ചിരിക്കുന്നത് പദാവലിയില്‍ അക്കിലസ് എന്നായി. ഉള്ളൂരിന്റെ സുഖം സുഖത്തില്‍ ചെവിക്കുരുന്നില്‍ത്തെളിതേന്‍, തെളിക്കുമെന്നത് മുമ്പ് തളിക്കുമെന്നായിരുന്നു. കവി തളിക്കുകയായിരുന്നെങ്കില്‍ അതങ്ങനെ മതിയായിരുന്നു.

മലയാളത്തില്‍ പ്രസംഗം, തിരക്കഥ എന്നിവയ്ക്കു സ്ഥാനം ലഭിക്കാതെ വന്നപ്പോള്‍ ആ കുറവു പരിഹരിച്ചു ഇംഗ്ലീഷ്. ഇംഗ്ലീഷ് പുസ്തകത്തിന്റെ നിലവാരവും കേരളീയയാഥാര്‍ഥ്യവും രണ്ടു വഴിക്കു തന്നെ. കുട്ടികളോടു ശത്രുക്കളോടെന്ന പോലെ പെരുമാറുന്നില്ലേയെന്ന ശങ്കയുദിപ്പിക്കുന്നുണ്ട് ഇംഗ്ലീഷഭ്യാസങ്ങള്‍. ചിഹ്നസഹിതം എഡിറ്റിംഗ് പഠിപ്പിക്കുന്ന ഭാഗം കുട്ടികള്‍ക്കു ഭാഷാവിനോദങ്ങളില്‍ ആഭിമുഖ്യം പ്രദാനം ചെയ്യും. നന്നായി.

പൊതുവിദ്യാഭ്യാസത്തെക്കുറിച്ച് ഉറക്കെ സംസാരിക്കുകയാണു മാണിക്യക്കല്ലെങ്കില്‍ പഠനവൈകല്യമുള്ള കുട്ടികളുടെ പരിചരണത്തിനു വേണ്ടി സമര്‍പിതമായിരുന്നു ഹിന്ദിയിലെ താരേ സമീം പര്‍. ഇത്തവണ ഹിന്ദി പാഠപുസ്തകത്തില്‍ അക്കഥയുടെ സംഗ്രഹം വായിക്കാം. ഒപ്പം സമ്പ്രദായത്തിന്റെ ഇനിയുമുള്ള വൈകല്യങ്ങള്‍ക്കു പരിഹാരപാഠം തേടുകയും ചെയ്യുക നമുക്ക്.

Fun & Info @ Keralites.net

-കെ.ടി. ഹസന്‍


With Regards

Abi
Fun & Info @ Keralites.net
 

"At his best, man is the noblest of all animals; separated from law and justice he is the worst"

- Aristotle



--- On Fri, 6/24/11, k t eych <kteych@gmail.com> wrote:


From: k t eych <kteych@gmail.com>
Subject: aakasathe maanikyakkallukal
To: kteych@facebook.com
Date: Friday, June 24, 2011, 12:55 PM

http://www.kvartha.com/article-about-kerala-state-education-by-k-t-hassan-125860.html

Rgds,

KTH

 http://www.google.com/profiles/kteych

www.keralites.net   

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
.

__,_._,___

No comments:

Post a Comment